play-sharp-fill
ടി ടി ഐ യിലെ പ്രിൻസിപ്പൽ ആയിരുന്ന ഒരു പിന്നണി ഗായകൻ ഇന്ന് ശതാഭിഷിക്തനാവുന്നു: ആരെന്നറിയാമോ ഈ സംഗീതജ്ഞൻ? ദേശീയ അവാർഡ് നേടിയ മോഹിനിയാട്ടത്തിലൂടെയാണ് അരങ്ങേറ്റം.

ടി ടി ഐ യിലെ പ്രിൻസിപ്പൽ ആയിരുന്ന ഒരു പിന്നണി ഗായകൻ ഇന്ന് ശതാഭിഷിക്തനാവുന്നു: ആരെന്നറിയാമോ ഈ സംഗീതജ്ഞൻ? ദേശീയ അവാർഡ് നേടിയ മോഹിനിയാട്ടത്തിലൂടെയാണ് അരങ്ങേറ്റം.

 

കോട്ടയം: 1975 – ലാണ് സംഭവം . സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ഒരു ഭക്തിഗാനമേള നടക്കുകയാണ്.
കമുകറ പുരുഷോത്തമൻ, നെയ്യാറ്റിൻകര വാസുദേവൻ ,
പി ലീല തുടങ്ങിയ പേരെടുത്ത സംഗീതജ്ഞരോടൊപ്പം ശാസ്ത്രീയ സംഗീതം പഠിച്ച
ഒരു ചെറുപ്പക്കാരനും ഈ വേദിയിൽ പാടാൻ എത്തിയിരുന്നു.

പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ.
ഗാനമേള ആരംഭിച്ചു.
ആദ്യമാദ്യം പ്രഗൽഭ ഗായകരുടെ പാട്ടുകൾ കഴിഞ്ഞതിനുശേഷം അഞ്ചാമതായോ ആറാമതായോ ആ ചെറുപ്പക്കാരൻ പാടുവാൻ എത്തി.

ഓ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന് യേശുദാസ് പാടി ആസ്വാദകരെ വിസ്മയിപ്പിച്ച
“കുമാരസംഭവ ” ത്തിലെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട ഹിമവല്‍ശൈലാഗ്രശൃംഗത്തില്‍വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്നവിമലാകാശാന്തരംഗങ്ങളില്‍നൃത്യദ്ധൂര്‍ജ്ജടി ഹസ്തമാര്‍ന്നതുടിതന്നുത്താള ഡുംഡും രവംതത്വത്തിന്‍ പൊരുളാലപിപ്പു മധുരംസത്യം – ശിവം – സുന്ദരം … ”

എന്ന ഗാനം ഈ യുവാവ് അതിമനോഹരമായി പാടി.

ഗാനമേള കഴിഞ്ഞപ്പോൾ ഉത്ഘാടകനായ
ശ്രീകുമാരൻ തമ്പി നേരെ സ്റ്റേജിലേക്ക് കയറി ചെന്ന്
ഈ പാട്ട് പാടിയ ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.
മാത്രമല്ല അദ്ദേഹം ഒരു വലിയ വാഗ്ദാനവും യുവാവിന് നൽകി.

“ഞാൻ നിർമ്മിക്കുന്ന അടുത്ത പടത്തിൽ തീർച്ചയായും
താങ്കൾക്ക് ഒരു പാട്ട് തരുന്നതായിരിക്കും. ”

സംഗീതരംഗത്ത് തുടക്കക്കാരനായിരുന്ന
ആ ചെറുപ്പക്കാരന്റെ കണ്ണുകളിൽ
സന്തോഷാശ്രുക്കൾ പൊടിഞ്ഞൂ .

ഒന്നുരണ്ടു മാസങ്ങൾ കടന്നുപോയി .
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ആ വാഗ്ദാനം മറന്നില്ല.
ഒരു ദിവസം ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ
ഈ സംഗീത പ്രതിഭയെ തേടി
ഒരു ടെലഗ്രാം കാത്തിരിക്കുന്നുണ്ടായിരുന്നു.

“ഉടൻ മദ്രാസിൽ എത്തുക…
ശ്രീകുമാരൻ തമ്പി-

പിറ്റേദിവസം തന്നെ യുവാവ് മദ്രാസിലേക്ക് വണ്ടി കയറി. രാഗമാലികയുടെ ബാനറിൽ അദ്ദേഹം തന്നെ കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്യുന്ന
” മോഹിനിയാട്ടം ” എന്ന ചിത്രത്തിൽ ഒരു പാട്ടു പാടിപ്പിക്കുവാൻ ഇദ്ദേഹത്തെയും കൊണ്ട് തമ്പിസാർ നേരെ ദേവരാജൻ മാസ്റ്ററുടെ അടുത്തെത്തുന്നു.

അവിടെ ഭാവഗായകൻ ജയചന്ദ്രനേയും മാധുരിയേയും ഒരു പാട്ടു പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ദേവരാഗങ്ങളുടെ
ദേവശില്പിയായ സാക്ഷാൽ ദേവരാജൻ മാസ്റ്റർ .

ആരേയും പെട്ടെന്നൊന്നും ഗൗനിക്കാത്ത ദേവരാജൻ മാസ്റ്റർ ശ്രീകുമാരൻ തമ്പി കൊണ്ടുവന്ന ഗായകൻ എന്ന നിലയ്ക്ക് അല്പം മയത്തോടെ ചോദിച്ചു

” ഇയാൾ ശാസ്ത്രീയ സംഗീതമൊക്കെ പഠിച്ചിട്ടുണ്ടോ..”
“ഉണ്ട് സാർ ”
“എന്നാൽ താൻ ഒരു പാട്ട് പാടൂ …കേൾക്കട്ടെ.”

പയ്യൻ വിറച്ചു വിറച്ചു കൊണ്ട് “ചന്ദ്രകാന്തം ” എന്ന ചിത്രത്തിലെ

“പുഷ്പാഭരണം
വസന്തദേവൻ്റെ തിരുവാഭരണം …”

എന്ന എം എസ് വിശ്വനാഥൻ സംഗീതം കൊടുത്ത ഗാനത്തിന്റെ
നാലു വരി പാടി.

ശ്രീകുമാരൻ തമ്പിക്ക് ചെറുതായി ഒരു ചമ്മൽ.
അദ്ദേഹം ചെവിയിൽ പറഞ്ഞു … “മാസ്റ്ററുടെ ഒരു പാട്ട്
പാടാമായിരുന്നില്ലേ …”

നവഗായകന് അപ്പോഴാണ് തനിക്ക് പറ്റിയ അമളി മനസ്സിലായത്.
തമ്പി സാർ പറഞ്ഞപ്പോൾ യുവാവ് ഒരു പാട്ടുകൂടി പാടി ….

“ചെമ്പരത്തി ” യിലെ

” ചക്രവർത്തിനീ
നിനക്കു ഞാനെൻ്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ…. ”

ദേവരാജൻ മാസ്റ്റർ ഒന്നും മിണ്ടുന്നില്ല.
അൽപ്പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം ചോദിച്ചു…

സിനിമാ ഗാനമല്ലാതെ ലളിതഗാനം വല്ലതും പാടാൻ അറിയുമോ….?
“പാടാം സാർ.
അഡ്വ: പി ടി നരേന്ദ്രമേനോൻ എഴുതി സ്വയം സംഗീതം ചെയ്ത ഒരു ലളിതഗാനം തികഞ്ഞ ആത്മവിശ്വാസത്തോടെ
യുവാവ് പാടി

“ശിശിര രഥത്തിൽ
ശിരീഷ സുമങ്ങളിൽ
ശീതള നീലദിനാന്തദളങ്ങളിൽ ശ്വേത പദ്മപരാഗമണിഞ്ഞെൻ ദേവിയുണർന്നീ
നവരാവുകളിൽ നവരാവുകളിൽ. …. ”

ദേവരാജൻ മാസ്റ്റർ ഒന്ന്
ഇരുത്തി മൂളി…
” ശരി , താൻ നാളെ ഭരണി സ്റ്റുഡിയോവിലേക്ക് വാ..”

പിറ്റേന്ന് അതിരാവിലെ എല്ലാവരും ഭരണി സ്റ്റുഡിയോയിൽ എത്തി.

പതിവ് പോലെ ആദ്യം ശബ്ദ പരിശോധന…
തലേ ദിവസം പാടിയ ലളിതഗാനം അയാൾ ശബ്ദ പരിശോധനയ്ക്കായി ഒന്നുകൂടി പാടി.

ദേവരാജൻ മാസ്റ്റർ
റെക്കോർഡിസ്റ്റിനെ
നോക്കി .

“നല്ല ശബ്ദം സർ…..”

എന്തായാലും ദേവരാജൻ മാസ്റ്ററെ യുവ ഗായകൻ നിരാശപ്പെടുത്തിയില്ല.

“മോഹിനിയാട്ടം ” എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം

“രാധികാ കൃഷ്ണാരാധികാ
തവവിരഹേ കേശവാ
സരസമസൃണമപി മലയജ പങ്കം
പശ്യതി വിഷമിവ വപുഷി സശങ്കം
സരസമസൃണമപി മലയജ പങ്കം
പശ്യതി വിഷമിവ വപുഷി സശങ്കം
രാധികാ കൃഷ്ണാരാധികാ …. ”

എന്ന അഷ്ടപദിയിലെ ജയദേവ കീർത്തനം പാടിപ്പിച്ചു.

1976- ഒക്ടോബർ 21-ന്
ഈ ചിത്രം കേരളത്തിലെമ്പാടും റിലീസ് ചെയ്തു.

ഇപ്പോൾ ഈ പ്രിയഗായകനെ വായനക്കാർക്ക് മനസ്സിലായിട്ടുണ്ടായിരിക്കുമെന്ന് കരുതട്ടെ.

ആ വർഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ “മോഹിനിയാട്ട”ത്തിലെ
ഗാനാലാപനത്തിലൂടെ കേരളത്തിലെ സംഗീത പ്രേമികളുടെ മനസ്സിൽ കൂടു കൂട്ടിയ മണ്ണൂർ രാജകുമാരനുണ്ണി എന്ന ഗായകൻ്റ സംഗീത ജീവിതത്തിൻ്റെ തുടക്കം ഇങ്ങനെയായിരുന്നു.

ആകാശവാണിയിലൂടെ ഗാനം ജനപ്രീതി നേടിയതോടെ
ഗായകനെ റേഡിയോ ശ്രോതാക്കൾ ഏറ്റെടുത്തു.
മണ്ണൂർ രാജകുമാരനുണ്ണി മലയാളചലച്ചിത്ര
ഗാനശാഖയ്ക്ക് എന്നും ഓർക്കാവുന്ന ഗായകനായി മാറി.

നാട്ടിൽ ടി ടി ഐ യിലെ പ്രിൻസിപ്പാൾ എന്ന സ്ഥിരം ജോലി നഷ്ടപ്പെടുത്തി മദ്രാസിൽ നിൽക്കാനുള്ള ബുദ്ധിമുട്ട് മൂലം ചലച്ചിത്ര രംഗത്ത് കൂടുതൽ ഗാനങ്ങൾ പാടാൻ കഴിഞ്ഞില്ല എന്നുള്ള കാര്യം ഇന്നും വേദനിക്കുന്ന ഓർമ്മകൾ മാത്രം.

എങ്കിലും ചലച്ചിത്ര പിന്നണിഗായകൻ എന്ന പ്രശസ്തിയോടെ നാട്ടിൽ ഒട്ടേറെ സംഗീത കച്ചേരികളും ഗാനമേളകളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

പിന്നീട് “ജയിക്കാനായി ജനിച്ചവൻ ” എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച് അർജ്ജുനൻ മാസ്റ്ററുടെ സംഗീതത്തിൽ ഒരു ഗാനം കൂടി മാത്രമേ ഈ ഗായകൻ പാടിയുള്ളൂ.!

മലയാള ചലച്ചിത്രഗാനങ്ങളുടെ
വസന്തകാലത്ത് പാടാൻ കഴിഞ്ഞ മണ്ണൂർ രാജകുമാരനുണ്ണി എന്ന ഗായകനെ സംഗീതപ്രേമികൾ ഇന്നും മറന്നിട്ടില്ല. മറക്കുകയുമില്ല.

1940 ജൂൺ 13ന് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയ്ക്കടുത്തുള്ള
മണ്ണൂരിൽ ജനിച്ച രാജകുമാരനുണ്ണി ഇന്ന് ശതാഭിഷിക്തനാവുകയാണ്.
പാലക്കാട്ടെ സംഗീത പ്രേമികളും സുഹൃത്തുക്കളും പൗരാവലിയും ഒരു വലിയ ആഘോഷമായിട്ടാണ് ഇന്ന് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.

1995-ൽ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം അന്നത്തെ രാഷ്ട്രപതി ഡോ.ശങ്കർ ദയാൽ ശർമ്മയിൽ നിന്നും ഏറ്റുവാങ്ങാൻ കഴിഞ്ഞ മികച്ച ഒരു അധ്യാപകൻ കൂടിയാണ്
ഈ സംഗീതജ്ഞൻ.
കേരള സംഗീത നാടക അക്കാദമിയുടെ
“ടാഗോർ പുരസ്കാര ” മടക്കം ഒട്ടേറെ അവാർഡുകൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

84 -ൻ്റെ ചെറുപ്പത്തിൽ തൻ്റെ പ്രിയപ്പെട്ട “രാഗസുധ ” എന്ന വീട്ടിലിരുന്ന് ഇന്നും സംഗീതസപര്യ തുടരുന്ന പ്രിയ സുഹൃത്ത് മണ്ണൂർ രാജകുമാരനുണ്ണിക്ക് ഈ സുദിനത്തിൽ പിറന്നാൾ ആശംസകൾ നേരട്ടെ….