
തിരുവനന്തപുരം: നവകേരള സദസ്സിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകര്‍ തെരുവില്‍ അഴിച്ചുവിട്ട ക്രൂരമായ അക്രമ സംഭവങ്ങളില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ നടപടികളിലേക്ക് കടക്കുന്നു.
പ്രതിഷേധക്കാരുടെ തല തല്ലിപ്പൊളിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ മുഖ്യമന്ത്രിയുടെ ചീഫ് ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരെ സര്‍വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തേക്കും. ക്രൈംബ്രാഞ്ച് നേരത്തെ നല്‍കിയ ‘ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട്’ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കടുത്ത നീക്കം.
അന്ന് പോലീസിന്റെയും ഗണ്‍മാന്റെയും ക്രൂരമായ മര്‍ദ്ദനമേറ്റ് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് ഇന്ന് ആലപ്പുഴയില്‍ നിന്നുള്ള നിയുക്ത യു.ഡി.എഫ് എം.എല്‍.എയാണ്. ഇര തന്നെ നിയമസഭാംഗമായി മാറി വേട്ടക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുന്നതോടെ അനില്‍ കുമാറിനും സന്ദീപിനും മുന്നില്‍ നിയമത്തിന്റെ എല്ലാ വഴികളും അടയുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഡിസംബര്‍ 15-നാണ് കേരളത്തെ നടുക്കിയ ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനിലെ അക്രമം നടക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഗണ്‍മാന്‍, തോക്കുമായി അദ്ദേഹത്തോടൊപ്പം സഞ്ചരിക്കേണ്ടതിന് പകരം എസ്‌കോര്‍ട്ട് വാഹനത്തില്‍ ഒളിപ്പിച്ചുവെച്ച വടിയുമായാണ് റോഡിലിറങ്ങിയത്. പ്രാദേശിക പോലീസ് പ്രതിഷേധക്കാരെ മാറ്റുന്നതിനിടയില്‍, ഓടിയെത്തിയ അനില്‍ കുമാറും സന്ദീപും ചേര്‍ന്ന് യുവാക്കളുടെ തല തല്ലിപ്പൊളിക്കുകയായിരുന്നു.
പോലീസ് മാനുവലില്‍ ഇല്ലാത്ത, സാധാരണ ലാത്തിയേക്കാള്‍ നീളമുള്ളതും കാറിലിരുന്ന് തന്നെ വീശിയടിക്കാന്‍ കഴിയുന്നതുമായ ‘ഒടിയാത്ത ദണ്ഡുകള്‍’ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ കൊണ്ടുനടന്നു എന്നത് ഗുരുതരമായ നിയമലംഘനമാണ്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം, എസ്‌കോര്‍ട്ട് കാര്‍ നിര്‍ത്തി റോഡിലിറങ്ങി ഗണ്‍മാന്‍മാര്‍ നടത്തിയ ഈ പരാക്രമം എല്ലാ സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് പുതിയ അന്വേഷണസംഘം വിലയിരുത്തുന്നു.
കണ്ണൂരിലും ഇടുക്കിയിലും സമാനമായ രീതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ കഴുത്തിന് പിടിച്ചതും കെ.എസ്.യുക്കാരെ തല്ലിയതുമായ സംഭവങ്ങളും പുതിയ അന്വേഷണ പരിധിയില്‍ വരും. മുന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ജില്ലാ ക്രൈംബ്രാഞ്ച് പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചിരുന്നു.
‘മര്‍ദ്ദന ദൃശ്യങ്ങള്‍ ലഭിച്ചില്ല’ എന്ന വിചിത്രമായ വാദമാണ് അന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉന്നയിച്ചത്. ക്രൂരത കാട്ടിയ അനില്‍ കുമാറിന് ഇന്‍സ്പെക്ടര്‍ (സി.ഐ) തസ്തികയിലേക്ക് പിണറായി സര്‍ക്കാര്‍ സ്ഥാനക്കയറ്റവും നല്‍കിയിരുന്നു.







