പിണറായി സർക്കാരിന്റെ കടുംവെട്ട്; സ്ഥിരപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തിനെ വരെ : വീട്ടുകാരെ മുഴുവൻ നിയമിച്ചെങ്കിൽ ഇച്ചിരി സ്ഥലം യോഗ്യതയുള്ളവർക്ക് കൂടി തരണമെന്ന് ഉദ്യോഗാർത്ഥികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ വിവാദം വീണ്ടും പുതിയ തലത്തിലേക്ക്. പത്ത് വർഷത്തെ സർവീസുള്ളവരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് നിൽക്കുന്നവർക്ക് ഇത് ബാധകമാവില്ല.
മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തെയും സ്ഥിരപ്പെടുത്തും.സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് 2 മാസം കഴിഞ്ഞപ്പോൾ നിയമിച്ച സംഘത്തിലെ 10 പേരെയും പാർട്ടിക്കു വേണ്ടപ്പെട്ട മറ്റു മുപ്പതോളം പേരെയും സ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഡിറ്റിൽ 10 വർഷത്തിലേറെ സേവന പരിചയമുള്ള 114 പേരെയാണ് സ്ഥിരപ്പെടുത്താൻ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. സമൂഹമാധ്യമ സംഘമാകട്ടെ 5 വർഷം പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ല. 6 മാസം മുൻപ് സ്ഥിരപ്പെടുത്തൽ നീക്കം നടന്നപ്പോൾ സിഡിറ്റിലെ തന്നെ ട്രേഡ് യൂണിയനുകൾ എതിർത്തിരുന്നു. സ്‌പെഷൽ റൂൾസ് ഭേഗതിയിലൂടെയാകും സ്ഥിരപ്പെടുത്തൽ നീക്കം. ഇതാണ് വിവാദമാകുന്നത്.
(സിഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം അനുമതി നൽകിയത്. 10 വർഷത്തിലേറെ സേവനമുള്ളതായി സിഡിറ്റ് നൽകിയ പട്ടിക അതേപടി അംഗീകരിക്കുകയാണു ചെയ്തത്. ഭൂരിപക്ഷവും ഭരണകക്ഷിയുടെ യൂണിയനിൽപ്പെട്ടവർ ആയിരുന്നു. പേരിന് മറ്റു സംഘടനകളിലുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആരും എതിർക്കുന്നുമില്ല. ഇത് തന്നെയാണ് മിക്ക വകുപ്പുകളിലും ഇപ്പോൾ നടക്കുന്നത്.
അതിനിടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശകളും നിയമ, ധന വകുപ്പുകളിലേക്കു പ്രവഹിക്കുകയാണ്. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ 180 പേരെയും കെപ്‌കോയിൽ 60 പേരെയും കേരള ലൈവ് സ്റ്റോക് ഡവലപ്‌മെന്റ് ബോർഡിൽ 7 പേരെയും സ്ഥിരപ്പെടുത്താനുള്ള ഫയൽ ധനവകുപ്പിലെത്തിയിട്ടുണ്ട്.
സ്ഥിരപ്പെടുത്തുന്നതിന് പല വകുപ്പുകളിൽനിന്നായെത്തുന്ന ശുപാർശകളെല്ലാം അംഗീകരിക്കണമെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കണം. ഇതിന്റെ ഫലമായി കോടികളായിരിക്കും സർക്കാരിന്റെ ചുമലിൽ അധികഭാരമായി ഉണ്ടായിരിക്കുക.
ഇതിനൊപ്പം പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവരെ അവഗണിക്കുകയും വേണം. മന്ത്രിസഭാ യോഗത്തിൽ സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനവുമായി ഒരു മാസത്തിലേറെയായി താൽക്കാലിക ജീവനക്കാരിൽ നിന്നു വ്യാപക പണപ്പിരിവു നടക്കുകയാണ്. ഇത് പലവകുപ്പിലും നടക്കുന്നു.
സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിൽ 2015 വരെ പത്തുവർഷത്തിലധികമായി ജോലിചെയ്യുന്ന താത്കാലിക ഡ്രൈവർമാരെ ഒക്ടോബറിൽ സ്ഥിരപ്പെടുത്തിയിരുന്നു. അന്നത്തെ കട്ട്ഓഫ് തീയതിയിൽ പത്തുവർഷം തികയാൻ ദിവസങ്ങളുടെ മാത്രം വ്യത്യാസമുള്ളവർ പരാതിയുമായി വകുപ്പ് മന്ത്രിയെ സമീപിച്ചിരുന്നു. അവരേയും സ്ഥിരപ്പെടുത്തും. ഇതും സർക്കാരിന് ഉണ്ടാക്കുന്നത് അധിക ഭാരമായിരിക്കും.