ആദ്യം കാണുന്ന സണ്‍ഡേസ്‌കൂള്‍ ടീച്ചറെ വിവാഹം കഴിക്കരുത്. അതിനേക്കാളും മെച്ചമായവള്‍ വേറെ കാണും..; അമേദ്യം വയറ്റില്‍ വച്ചു കൊണ്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതിനേക്കാള്‍ അതെവിടെയെങ്കിലും നിക്ഷേപിച്ചിട്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതല്ലേ ഉചിതം?; കാലം ചെയ്തിട്ടും ചിരിക്കാനുള്ള വാക്കുകള്‍ ബാക്കിയാക്കി; ക്രിസോസ്റ്റം തിരുമേനിയുടെ തമാശകളിലേക്ക് ഒരിക്കല്‍ കൂടി

സ്വന്തം ലേഖകന്‍

പത്തനംതിട്ട: ഫലിതം പറയുന്നത് തിരുമേനിക്ക് സ്വതസിദ്ധമായി ലഭിച്ച കഴിവാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകള്‍ ഒരിക്കലും അദ്ദേഹത്തിന്റെ വായില്‍ നിന്ന് വീണിട്ടില്ല. കേള്‍ക്കുന്നവനും കളിയാക്കലിന് പാത്രമാകുന്നവനും അത് കേട്ട് ഒരു പോലെ പൊട്ടിച്ചിരിച്ചു.

വെറും തമാശക്കാരനായ തിരുമേനി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ല, മഹത്തായ ജീവിത ദര്‍ശനങ്ങളും ജീവിതാനുഭവങ്ങളും അതില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. ദൈവത്തിന്റെ സ്വര്‍ണ്ണ നാവിനുടമ എന്ന് വിശേഷിപ്പിക്കുന്ന തിരുമേനിയുടെ നാവ്, അക്ഷരാര്‍ത്ഥത്തില്‍ പൊന്നായിരുന്നു. ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സേവിച്ച ഒരാള്‍. പരിചയപ്പെടുന്നവര്‍ക്കെല്ലാം ഓര്‍മ്മയില്‍ ഒരു ചിരി സമ്മാനിക്കാന്‍ തിരുമേനിക്ക് കഴിഞ്ഞു.

തിരുമേനി ഫലിതങ്ങളില്‍ ചിലത്;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഒരിക്കല്‍ യുവജന കോണ്‍ഫറന്‍സില്‍ തിരുമേനിയുമായി സംവാദം നടക്കുകയാണ്. ഏതു ചോദ്യവും ചോദിക്കാം. ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ തിരുമേനിയെ കുരുക്കുവാന്‍ ഒരു യുവാവ് ചോദിച്ചു: ലോത്തിന്റെ ഭാര്യയുടെ പേരെന്താണ്?

തിരുമേനി: ഇയാള്‍ വിവാഹം കഴിച്ചതാണോ?

യുവാവ്: അല്ല.

തിരുമേനി: വല്ലവന്റെയും ഭാര്യയുടെയും പേരു തപ്പി നടക്കാതെ പോയി വിവാഹം കഴിക്കൂ.

2. ഇടവകയില്‍ വന്ന സുന്ദരനായ കൊച്ചച്ചനെ മൂന്നു പെണ്‍മക്കളുള്ള ഒരു പിതാവ് മരുമകനാക്കുവാന്‍ ആഗ്രഹിച്ചു. പ്രഥമ ദൃഷ്ടിയില്‍ അച്ചനെ ഇഷ്ടപ്പെട്ട പിതാവ് ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കല്‍ ചെന്ന് തിരുമേനിയുടെ അഭിപ്രായം ചോദിച്ചു.

തിരുമേനി പറഞ്ഞു: അച്ചന്റെ കാര്യത്തില്‍ സല്‍സ്വഭാവിയാണെന്ന് എനിക്കുറപ്പാണ്. നല്ല കുടുംബത്തില്‍ പിറന്നവനും യോഗ്യനുമാണ്. പ്രമുഖനായ വൈദികനുമാണ്. പക്ഷേ ഒറ്റ പ്രശ്‌നമേയുള്ളു. അച്ചന്റെ ഭാര്യയുടെ സമ്മതം വേണം.

 

3.ക്രിസോസ്റ്റം തിരുമേനി ബാംഗ്‌ളൂരില്‍ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുവാന്‍ ചെന്നത് തലയില്‍ മസനപ്‌സാ വയ്ക്കാതെയാണ്. ഇതില്‍ പ്രതിഷേധം തോന്നിയ ഒരു മാര്‍ത്തോമാക്കാരന്‍ തിരുമേനിയെ പ്രതിഷേധം പ്രസംഗത്തിലൂടെ ഇപ്രകാരം അറിയിക്കുവാന്‍ ശ്രമിച്ചു: ‘ഞാന്‍ ഞങ്ങളുടെ ക്രിസോസ്റ്റം തിരുമേനിയെ അന്വേഷിച്ചു നടക്കുകയാണ്. ആരോ പറഞ്ഞു, മസ്‌നപ്‌സാ ധരിക്കാതെ തലമുടി നീട്ടി വളര്‍ത്തിയ ആളാണെന്ന്. എനിക്ക് വിശ്വാസം വരുന്നില്ല.’

തിരുമേനി ഇപ്രകാരം പ്രതികരിച്ചു: ‘കര്‍ത്താവിന്റെ കൂടെ സര്‍വ സമയവും ഉണ്ടായിരുന്ന പത്രോസിന് പോലും കടലില്‍ വച്ച് യേശുവിനെ കണ്ടപ്പോള്‍ ഭൂതമാണെന്നാണ് തോന്നിയത്. എന്റെ സഭാംഗത്തിന് എന്നെ കണ്ടിട്ട് മനസ്സിലായില്ലായെങ്കിലും ഭൂതമാണെന്ന് തോന്നാഞ്ഞത് ഭാഗ്യം.’

4. ബിഡിഎസ്സ് പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ ക്രിസ്ത്യാനിയായതിനാല്‍ തന്റെ ആശുപത്രിയുടെ മുമ്പില്‍ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വയ്ക്കുവാന്‍ തീരുമാനിച്ചു. വേദപുസ്തകം മുഴുവന്‍ നോക്കിയിട്ട് യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മര്‍ത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ കണ്ട് തന്റെ പ്രശ്‌നം അവതരിപ്പിച്ചു. തിരക്കിനിടയില്‍ ഇക്കാര്യം ആലോചിക്കുവാന്‍ സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തില്‍ മിടുക്കനാ.’

ദന്തഡോക്ടര്‍ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കല്‍ ചെന്നു.

ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള*!*!*!േ അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീര്‍ത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.’

ദന്തഡോക്ടര്‍ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു നിന്റെ വായ് വിസ്താരത്തില്‍ തുറക്കുക.

5. പാലില്‍ സ്ഥിരം വെള്ളം ചേര്‍ത്ത് നല്‍കിയിരുന്ന പാല്‍ക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നല്‍കിയിട്ട് പറഞ്ഞു: പാല്‍ ഒരു കുപ്പിയിലും അതില്‍ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്‌സ് ചെയ്തു കൊള്ളാം.

6. ദീര്‍ഘകാലം കുഷ്ഠരോഗികളുടെയിടയില്‍ പ്രവര്‍ത്തിച്ച ഒരു പുരോഹിതനെ ബിഷപ്പായി വാഴിച്ചു. കുഷ്ഠരോഗികളുടെയിടയില്‍ ദീര്‍ഘകാലം കഴിയേണ്ടി വന്നതിനാല്‍ തനിക്കും കുഷ്ഠരോഗം ഉണ്ടാകുമെന്നു ബിഷപ്പ് ഭയപ്പെട്ടിരുന്നു. കുഷ്ഠരോഗികളുടെ കൈവിരലുകള്‍ക്ക് സ്പര്‍ശന ശക്തി ഇല്ലാതാകുമെന്ന് അറിയാവുന്ന അദ്ദേഹം എവിടെയെങ്കിലും സ്പര്‍ശിച്ചു നോക്കുക പതിവായിരുന്നു. ഒരു ദിവസം ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന അവസരത്തില്‍ തൊട്ടടുത്തിരുന്ന സ്ത്രീയോട് ബിഷപ്പ് പറഞ്ഞു.

എനിക്ക് കുഷ്ഠരോഗം പിടിപെട്ടുവെന്നാണ് തോന്നുന്നത്. ഞാന്‍ എന്റെ കാലില്‍ ചൊറിഞ്ഞിട്ട് അറിഞ്ഞു പോലുമില്ല.

സ്ത്രീ പറഞ്ഞു: തിരുമേനി ഭയപ്പെടേണ്ട, തിരുമേനി ചൊറിഞ്ഞത് എന്റെ കാലിലായിരുന്നു.

7. ഒരിക്കല്‍ ബിഷപ്പ് എം.എം. ജോണും ഭാര്യയും ക്രിസോസ്റ്റം തിരുമേനിയും ഒരു കണ്‍വന്‍ഷന്‍ പ്രസംഗത്തിനു പോയി. എം.എം. ജോണ്‍ തിരുമേനി പ്രസംഗത്തിനായി എഴുന്നേറ്റു. ഭയങ്കര മഴയും തുടങ്ങി. ആളുകള്‍ ഓരോരുത്തരായി എഴുന്നേറ്റു പോയി. കുടയും പിടിച്ചു കൊണ്ട് ഒരാള്‍ മാത്രം ശേഷിച്ചു. അത് ബിഷപ്പ് ജോണിന്റെ ഭാര്യയായിരുന്നു. ഇത് കണ്ട് ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘മെത്രാച്ചന്മാര്‍ വിവാഹം കഴിച്ചാലുള്ളതിന്റെ ഗുണം ഇന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.’

8. ക്രിസോസ്റ്റം തിരുമേനിയുടെയടുക്കല്‍ ഒരു സ്ത്രീ കയറി വന്ന് തന്റെ മകനെപ്പറ്റി പരിഭവം പറയുകയാണ്. അവന് സ്വര്‍ഗത്തിലും നരകത്തിലും വിശ്വാസമില്ല. തിരുമേനിയവനെയൊന്നുപദേശിക്കണം. തിരുമേനി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു: അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. കുറഞ്ഞപക്ഷം നരകമുണ്ടെന്നെങ്കിലും അവന് വിശ്വാസം വരും.

9.ഒരു പള്ളിയില്‍ രൂക്ഷമായ പ്രശ്‌നം. മദ്ബഹായോട് ചേര്‍ന്ന് ടോയ്ലറ്റ് പണിയണം. ഇടവകക്കാര്‍ രണ്ട് പക്ഷത്ത്. ക്രിസോസ്റ്റം തിരുമേനി രണ്ടു കൂട്ടരേയും വിളിച്ചു: ഇങ്ങനെ ഒരു ടോയ്ലറ്റ് പണിയുന്നതില്‍ എന്താണെതിര്‍പ്പ്?

ഒരു വിഭാഗത്തിന്റെ നേതാവ് പറഞ്ഞു: ‘അമേദ്യം നിക്ഷേപിക്കുന്ന ടോയ്ലറ്റ് വിശുദ്ധ മദ്ബഹായോട് ചേര്‍ന്നു പണിയുന്നത് ശരിയല്ല.’

കുറച്ചു കഴിഞ്ഞപ്പോള്‍ തിരുമേനിക്ക് മനസ്സിലായി കാര്യത്തിന്റെ കിടപ്പ്. എതിര്‍വിഭാഗം പറയുന്നതിനെ എതിര്‍ക്കുകയെന്നതാണ് ഉദ്ദേശ്യം.

തിരുമേനി പറഞ്ഞു: ‘എനിക്കും ആ അഭിപ്രായത്തോട് യോജിപ്പാണ്. അമേദ്യം വയറ്റില്‍ വച്ചു കൊണ്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നത് അതിനേക്കാള്‍ തെറ്റല്ലേ. അതെവിടെയെങ്കിലും നിക്ഷേപിച്ചിട്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതല്ലേ ഉചിതം.’ പ്രശ്‌നം അങ്ങനെ തീര്‍ന്നു.

10.നിവൃത്തിയില്ലാത്ത ഒരു പയ്യന്‍ ലോട്ടറി ടിക്കറ്റു കൊണ്ടു വന്നാല്‍ ഞാനെടുത്തെന്നിരിക്കും. അവനെന്തെങ്കിലും സഹായം ചെയ്യുവാനായിട്ടാണ് ഞാന്‍ ടിക്കറ്റെടുത്തത്. എനിക്കു ലോട്ടറിയടിക്കരുതെയെന്ന പ്രാര്‍ഥനയോടെയാണ് ഞാനി ടിക്കറ്റെടുക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഞാനെടുത്ത ടിക്കറ്റിനു ലോട്ടറി അടിച്ചാല്‍ അത് അരവണപ്പായസത്തേക്കാള്‍ വിവാദമാകും. എന്റെ സഭ പിണങ്ങും. ധാര്‍മിക പ്രവര്‍ത്തകര്‍ പിണങ്ങും. ജോലി ഒന്നും ചെയ്യാതെ പണം സമ്പാദിച്ചതിനെക്കുറിച്ചുള്ള വിമര്‍ശനം. ഇതൊക്കെ ദൈവം തമ്പുരാനുമറിയാവുന്നതു കൊണ്ട് ലോട്ടറിയിതുവരെയും അടിച്ചിട്ടില്ല.