പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ ആരുമറിയാതെ മാടസ്വാമിയും സുബ്ബലക്ഷ്മിയും ; ജീവിതത്തിലെ എല്ലാം നഷ്ടമായ ഇവർക്ക് ഇനി ബാക്കിയുള്ളത് അടച്ചുറപ്പില്ലാത്ത ഒറ്റമുറി മാത്രം

പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ ആരുമറിയാതെ മാടസ്വാമിയും സുബ്ബലക്ഷ്മിയും ; ജീവിതത്തിലെ എല്ലാം നഷ്ടമായ ഇവർക്ക് ഇനി ബാക്കിയുള്ളത് അടച്ചുറപ്പില്ലാത്ത ഒറ്റമുറി മാത്രം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : കേരള മനസാക്ഷിയിൽ ഇന്നും കണ്ണീരോർമ്മയാണ് പെട്ടിമുടി. എഴുപതോളും പേരുടെ ജീവനെടുത്ത ദുരന്തം ബാക്കിയാക്കിയത് എന്തെന്ന് ചോദിച്ചാൽ പെട്ടിമുടിക്കാർ പറയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മാത്രമാണെന്ന്.

ഒരു പ്രദേശം ഒന്നാകെ ഒലിച്ചുപോയപ്പോൾ അവശേഷിക്കുന്നത് ഭീമാകാരമായ ഉരുളൻ കല്ലുകളും ചെളിയുമാണ്. ദുരന്തം നടന്ന ലയത്തിനടുത്തുള്ള എസ്‌റ്റേറ്റ് ലയത്തില്‍ താമസക്കാരാരുമില്ല എന്നാണ് രേഖകൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തത്തിനുശേഷം എസ്റ്റേറ്റ് ലയത്തിലെ മുഴുവന്‍ തൊഴിലാളികളേയും കമ്പനി രാജമലഡിവഷനിലെ ലയങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

എന്നാൽ വെട്ടവും വെളിച്ചവുമില്ലാത്ത, പേരിനുപോലും അടച്ചുറപ്പില്ലാത്ത ഒരൊറ്റമുറിയില്‍ രണ്ടു പേർ ഉറങ്ങാതെ മൂന്നാറിന്റെ തണുപ്പില്‍ വിറങ്ങലിച്ചിരിപ്പുണ്ട്. അൻപതു വയസു പ്രായം തോന്നിക്കുന്ന മാടസ്വാമിയും നാല്‍പ്പതിനും അടുത്ത് പ്രായം പറയുന്ന സുബ്ബലക്ഷ്മിയും. ജീവിതത്തിലെല്ലാം നഷ്ടമായ ഇരുവർക്കും ഇനി ബാക്കിയുള്ളത് അടച്ചുറപ്പില്ലാത്തതെങ്കിലും കയറികിടക്കാൻ സാധിക്കുന്ന ഒറ്റമുറി മാത്രമാണ്.

ഇരുവരും ഔദ്യോഗികമായോ അനൗദ്യോഗികമായോ ഭാര്യഭര്‍ത്താക്കന്‍മാരാണെന്നു പറയാനാവില്ല. പെട്ടിമുടി ദുരന്തക്കാഴ്ചകള്‍ക്കിടയിലെ വേദനിപ്പിക്കുന്ന മറ്റൊരു കാഴ്ചയും അനുഭവവുമാണ് ഇവരുടെ ജീവിതം. മാടസ്വാമിയുടെ കുടുംബം എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. അപ്പനും സഹോദരീസഹോദരന്‍മാരും അടങ്ങുന്ന കുടുംബം.

മുതിര്‍ന്ന മക്കള്‍ തോട്ടത്തിലെ തൊഴിലാളികളാകുന്ന രീതിയനുസരിച്ച് മാടസ്വാമിയും തോട്ടത്തിലെ തൊഴിലാളിയായി. തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള ഒരു പെണ്‍കുട്ടിയെ വിവാഹവും കഴിച്ചു. അപ്പന്റേയും അമ്മയുടേയും തൊഴില്‍ കാലാവധി തീര്‍ന്നപ്പോള്‍ മാടസ്വാമിയുടെ സഹോദരങ്ങളേയും കൂട്ടി അവര്‍ തമിഴ്‌നാട്ടിലേക്ക് പോയി.

തൊഴിലാളികള്‍ക്കിടയിലെ ഫുട്ബോള്‍ കളിയില്‍ ഏറെകമ്പമുണ്ടായിരുന്ന മാടസ്വാമി തമിഴ്‌നാട്ടിലേക്ക് പോകാതെ ഭാര്യയും രണ്ടുമക്കളുമായി പെട്ടിമുടിയില്‍ തന്നെ തങ്ങി. തോട്ടത്തിലെ ഫുട്ബോള്‍ ടീമിനെ സെലക്ടുചെയ്തപ്പോള്‍ തനിക്കവസരം ലഭിക്കാതിരുന്നത് വിഷമമുണ്ടാക്കിയതായി മാടസ്വാമി പറയുന്നു.

അതൊടൊപ്പം കാലില്‍ ഉണ്ടായ ഒരു ചുമന്ന നിറത്തിലുള്ള തടിപ്പും കൂടിയാപ്പോള്‍ അയാള്‍ ഏറെ തളര്‍ന്നു പോയി. ശാരീരികവും മാനസികവുമായി ഉണ്ടായ ബുദ്ധിമുട്ട് പണിക്കു പോകാന്‍ പറ്റാത്ത അവസ്ഥയിലെത്തുച്ചുവത്രേ. തൊഴില്‍ നഷ്ടപ്പെട്ടതാണോ വീട്ടിലെ പട്ടിണിയാണോ കാരണമെന്നറിയില്ല, ഒരു ദിവസം മക്കളെ സ്‌കൂളില്‍ അയക്കാന്‍ പോയ ഭാര്യ പിന്നെ കുട്ടികളുമായി മടങ്ങിവന്നില്ല.

എങ്ങനെയോ അസുഖം ഭേദമായ മാടസ്വാമി പെട്ടിമുടിയിലെ ക്രിസ്റ്റ്യന്‍ സൊസൈറ്റിയില്‍ നിന്ന് പെട്ടിമുടിക്കപ്പുറമുള്ള ഇടമലക്കുടി ട്രൈബല്‍ സെറ്റില്‍ മെന്റിലേക്ക് കൊണ്ടുപോകുന്ന അരിയുടെ ചുമട്ടുകാരനായി.

ഒരു വൈകുന്നേരം വീട്ടിലേക്കുള്ള മടക്കവഴിയിലാണ് ഇടമലക്കുടിയിലുള്ള സുബ്ബലക്ഷ്മി പെട്ടിമടയിലെ തെയിലത്തോട്ടത്തിലെ വഴിയരികില്‍ സന്ധ്യാസമയത്ത് ഒറ്റക്കിരിക്കുന്നത് കണ്ടത്. അരിയുമായി പോകുന്നതിനിടയില്‍ സുബ്ബലക്ഷ്മിയെ മാടസ്വാമി കണ്ടിട്ടുള്ളതാണ്. മാനസികാസ്വാസ്ഥ്യം ഉള്ള സുബ്ബലക്ഷ്മിയെ മാടസ്വാമി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നു. പിറ്റേ ദിവസം ഇടമലക്കുടിയില്‍ വിവരം അറിയിക്കുകയും അവിടെ നിന്ന് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടു പോകുകയും ചെയ്തതായി മാടസ്വാമി പറയുന്നു.

പക്ഷേ മൂന്നാലു പ്രാവശ്യം ഇതാവര്‍ത്തിച്ചപ്പോള്‍ കൂട്ടിക്കൊണ്ടു പോകാന്‍ ആരുമെത്തിയില്ല. സുഖമില്ലാത്ത ആളാണെങ്കിലും മാടസ്വാമിക്ക് കൂട്ടായി സുബ്ബലക്ഷ്മി കഴിയുന്നു. ഭക്ഷണം വയ്ക്കുന്നതും അടച്ചുറപ്പില്ലാത്ത വീടു നോക്കുന്നതുമെല്ലാം മാടസ്വാമിയാണ്.

ദുരന്തത്തെതുടര്‍ന്ന് എല്ലാവരും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള രാജമലഡിവിഷനിലെ താല്‍ക്കാലിക ഷെല്‍റ്ററിലേക്ക് മാറാന്‍ കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് പോയ തൊഴിലാളികള്‍ക്കൊപ്പം സുബ്ബലക്ഷ്മിയേയും കൂട്ടി മായസ്വാമി പോയിരുന്നുവെങ്കിലും കമ്പനിരേഖകളില്‍ പേരില്ലാത്തവരായതിനാല്‍ അവര്‍ക്കവിടെ തങ്ങാന്‍ അനുമതി ലഭിച്ചില്ല. തൊഴിലാളി അല്ലെങ്കിലും തന്റെ ലയത്തില്‍ നിന്നും ഇതുവരേയും ഇറക്കിവിടാത്തതിനാല്‍ അവിടേക്ക് തന്നെ ഇരുവരും മടങ്ങി.

ദുരന്തത്തെ തുടര്‍ന്ന് വിവിധസന്നദ്ധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ അയ്യായിരം രൂപ അടിമാലിയില്‍ സുബ്ബലക്ഷ്മിയെ ചികിത്സിക്കാന്‍ കൊണ്ടുപോയ വകയില്‍ ഉണ്ടായ കടം വീട്ടാനുപയോഗിച്ചു. ബാക്കി വന്ന ഇരുനൂറ്റി അന്‍പതുരൂപയും റേഷന്‍ കടയില്‍നിന്നു ലഭിച്ച അരിയും മണ്ണെണ്ണെയും കിറ്റും ഉള്ളതുകൊണ്ട് ഇരുവരും കഴിയുന്നു.

എഴുപതുപേരെ കവര്‍ന്ന ദുരന്തസ്ഥലത്തിനും അവരെ ഒന്നിച്ചടക്കിയ മണ്ണിനും ഇടക്ക് നാലുവശവും ചുറ്റപ്പെട്ട മലയുടെ താഴ് വാരത്ത്
മരണത്തിനുപോലും വേണ്ടാത്ത രണ്ടു മനുഷ്യജീവനുകള്‍ പരസ്പരം കൈവിടാതെ പൊട്ടിപ്പൊളിഞ്ഞ കുടുസ്സുമുറിയില്‍ നിശ്ശബ്ദരായി ഇരിക്കുന്നു.

മാടസ്വാമി പറഞ്ഞതില്‍ ഏതാണ് വാസ്തവം എന്ന് തിരക്കാന്‍ പോലും അവരുടെ അടുത്ത് ആരുമില്ല. പക്ഷേ സുബ്ബലക്ഷ്മിയെ എങ്കിലും സുരക്ഷിതമായ ഒരുസ്ഥലത്ത് തങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ എന്നൊരു പ്രതീക്ഷ മായസ്വാമിയുടെ കണ്ണുകള്‍ പങ്കുവയ്ക്കുന്നതു കാണാമായിരുന്നു

Tags :