Spread the love

കോട്ടയം: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍, വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു.

video
play-sharp-fill

കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. ഒറ്റയടിക്ക് വില കൂട്ടുന്നതിനുപകരം പടിപടിയായി വില വർധിപ്പിച്ച് പൊതുജനത്തെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

 

പെട്രോളിന് 2.61 രൂപയും, ഡീസലിന് 2.71 രൂപയുമാണ് ഇന്നലെ വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 115.49 രൂപയായപ്പോള്‍ ഡീസല്‍ വില 104.40 രൂപയായി. കൊച്ചിയില്‍ പെട്രോള്‍ വില 113.51 രൂപയും ഡീസല്‍ വില 102.43 രൂപയുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേന്ദ്രം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോഴൊക്കെ 2011-ലെ യു.ഡി.എഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന അധിക നികുതി വേണ്ടെന്ന് വെച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ മാതൃക ഇപ്പോള്‍ പിന്തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് നികുതി കുറച്ചതിലൂടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 1.63 രൂപ വരെ കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഇതിലൂടെ സംസ്ഥാന ഖജനാവിന് 218 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായെങ്കിലും ജനങ്ങളുടെ താത്പര്യമാണ് സര്‍ക്കാര്‍ മുന്‍നിര്‍ത്തിയത്.

 

ഇപ്പോള്‍ കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അധിക വില്‍പ്പന നികുതിയായി വന്‍തുക ലഭിക്കുന്ന സാഹചര്യമാണുള്ളത്. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാന വില്‍പ്പന നികുതി. ഇതുകൂടാതെ ഒരു രൂപ അധിക വില്‍പ്പന നികുതിയും ഒരു ശതമാനം സെസ്സും രണ്ട് രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിഹിതവും ഈടാക്കുന്നുണ്ട്.

 

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (ജജഅഇ) കണക്കുകള്‍ പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ കേരളത്തിന് 12,281.2 കോടി രൂപ ലഭിച്ചു. സംസ്ഥാനത്ത് 267 കോടി ലിറ്റര്‍ പെട്രോളും 296 കോടി ലിറ്റര്‍ ഡീസലും വിറ്റഴിക്കപ്പെട്ടിരുന്നു. നിലവിലെ വിലവര്‍ധനയിലൂടെ ഈ സാമ്പത്തിക വര്‍ഷം പെട്രോളില്‍ നിന്ന് ഏകദേശം 240 കോടിയും ഡീസലില്‍ നിന്ന് 200 കോടിയും ഉള്‍പ്പെടെ 440 കോടിയിലധികം രൂപ അധിക വരുമാനം സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

 

തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് ചരക്ക് ഗതാഗത ചെലവ് ഉയര്‍ത്തുകയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യും. സാധാരണക്കാരുടെയും കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതച്ചെലവ് കൂടുതല്‍ വര്‍ധിപ്പിക്കുന്ന സാഹചര്യമാണിത്. അതിനാല്‍ ഇന്ധനവില വര്‍ധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കി ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.