അതിരമ്പുഴയിലെ പെട്രോൾ ബോംബ് ആക്രമണം: ഓട്ടോ ഡ്രൈവർക്ക്  നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച കേസിലെ ഒരു പ്രതി കൂടി പിടിയിൽ

അതിരമ്പുഴയിലെ പെട്രോൾ ബോംബ് ആക്രമണം: ഓട്ടോ ഡ്രൈവർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച കേസിലെ ഒരു പ്രതി കൂടി പിടിയിൽ

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുകയും ഓട്ടോഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത് കേസിൽ പ്രധാനപ്രതി പിടിയിൽ. അതിരമ്പുഴ പാറോലിക്കൽ കൊക്കരക്കൊച്ചുപറമ്പിൽ ആൽബിൻ ബിജു (18)വിനെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ  അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ അമ്പലത്തറ സുധി മിൻരാജ് (19), കൊച്ചുപുരയ്ക്കൽ വീട്ടിൽ ആൽബിൻ കെ.ബോബൻ (20), മാടപ്പള്ളി വീട്ടിൽ ബിബിൻ ബെന്നി (18)എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചാമനെയും പൊലീസ് പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ആലപ്പുഴയിൽ ട്രെയിൻ ഇറങ്ങുകയായിരുന്നു. ഇവിടെ ട്രെയിൻ ഇറങ്ങിയ പ്രതികൾ ഒരു ഓട്ടോറിക്ഷയിലാണ് ഏറ്റുമാനൂരിലേയ്ക്ക് എത്തിയത്. ഇവിടെ എത്തിയ ശേഷം പ്രതികൾ ഓട്ടോഡ്രൈവർക്ക് നേരെ കുരുമുളക് സപ്രേ പ്രയോഗിച്ച ശേഷം രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കേസിലെ നാലു പ്രതികളെയും പിടികൂടി. ഈ സമയം ആൽബിൻ പ്രതികളുടെ സംഘത്തിൽ നിന്നും രക്ഷപെട്ടിരുന്നു.
ഞായറാഴ്ച ആൽബിൻ ഏറ്റുമാനൂരിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് വിവരം ലഭിച്ചു. തുടർന്ന് ഡിവൈഎസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഏറ്റുമാനൂർ നഗരത്തിൽ നിന്നും എസ്.ഐ അനൂപ് സി.നായർ, എ.എസ്.ഐ ജയരാജ് , സിവിൽ പൊലീസ് ഓഫിസർ സജീഷ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.