ഇറഞ്ഞാലിലും കുഴിമറ്റത്തും വെള്ളക്കെട്ടിൽ അപകടം: രണ്ടു യുവാക്കൾ മുങ്ങി മരിച്ചു; ഇറഞ്ഞാലിൽ മരിച്ചത് വിദ്യാർത്ഥി; കുഴിമറ്റത്ത് ബസ് കണ്ടക്ടർ

ഇറഞ്ഞാലിലും കുഴിമറ്റത്തും വെള്ളക്കെട്ടിൽ അപകടം: രണ്ടു യുവാക്കൾ മുങ്ങി മരിച്ചു; ഇറഞ്ഞാലിൽ മരിച്ചത് വിദ്യാർത്ഥി; കുഴിമറ്റത്ത് ബസ് കണ്ടക്ടർ

സ്വന്തം ലേഖകൻ
കോട്ടയം: ഇറഞ്ഞാലിലും കുഴിമറ്റത്തും വെള്ളക്കെട്ടിൽ വീണ് രണ്ടുയുവാക്കൾ മുങ്ങി മരിച്ചു. ഇറഞ്ഞാലിൽ എൻട്രൻസ് വിദ്യാർത്ഥിയും, കുഴിമറ്റത്ത് സ്വകാര്യബസിലെ ക്ലീനറുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് രണ്ടിടത്തും അപകടമുണ്ടായത്.
വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ തോട്ടുപറമ്പിൽ ഷാജഹാന്റെയും ഷാമിയുടെയും മകൻ ഷെമീം ഷാ(19)യാണ് മരിച്ചത്. ദർശന അക്കാദമിയിലെ എൻട്രൻസ് കോച്ചിംങ് പഠന വിദ്യാർത്ഥിയാണ് ഷെമീം. ഇറഞ്ഞാലിലെ ഹോസ്റ്റലിലാണ് ഷെമീമും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ഷെമീമും ആറ് സുഹൃത്തുക്കളും ചേർന്ന് ഇറഞ്ഞാൽ പാലത്തിനു സമീപത്തെ മീനന്തറയാറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിയ്‌ക്കൊപ്പമാണ് ഷെമീം കുളിക്കാനായി ഇറങ്ങിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇവർ വെള്ളത്തിൽ ഇറങ്ങി നീന്തുകയും ചെയ്തു. ഇതിനിടെ ഷെമീം ചെളിയിൽ പുതഞ്ഞ് പോകുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിലും അഗ്നിരക്ഷാ സേനാ അധികൃതരെയും അറിയിച്ചു. ഇവർ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.സംസ്‌കാരം തിങ്കളാഴ്ച നടക്കും.
കുഴിമറ്റം പാതിയപ്പള്ളിക്കടവിലാണ് സ്വകാര്യ ബസിലെ ക്ലീനറായ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചത്.  ഞാലിയാകുഴി റൂട്ടിൽ സർവീസ് നടത്തുന്ന ഐശ്വര്യബസിലെ ക്ലീനർ ഞാലിയാകുഴി പന്ത്രണ്ടും കുഴിയിലെ ജോണിയുടെ മകൻ ബ്രിട്ടോ (ജസ്റ്റിൻ -26)ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബ്രിട്ടോയും സുഹൃത്തായ ശ്രീരാജും വെള്ളത്തിൽ നീന്താൻ ഇറങ്ങിയത്. പാലത്തിൽ നിന്നും വെള്ളത്തിലേയ്ക്ക് ചാടുകയായിരുന്നു ഇവർ. ഇതിനിടെ ബ്രിട്ടോ ചെളിയിൽ പുതഞ്ഞ് പോകുകയായിരുന്നു. തുടർന്ന് ശ്രീരാജ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേനാ അധികൃതരാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.