അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കഞ്ചാവ് മാഫിയ തലവൻ പിടിയിൽ; അഞ്ചു മാസത്തിനു ശേഷം പിടിയിലായത് മാഫിയ സംഘാംഗമായ ക്രിസ്റ്റി ജോസഫ്

അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കഞ്ചാവ് മാഫിയ തലവൻ പിടിയിൽ; അഞ്ചു മാസത്തിനു ശേഷം പിടിയിലായത് മാഫിയ സംഘാംഗമായ ക്രിസ്റ്റി ജോസഫ്

ക്രൈം ഡെസ്‌ക്

കോട്ടയം: അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം അഞ്ചു മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിലായി. കഞ്ചാവ് മാഫിയ സംഘാംഗങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന യുവാവ് കോടതിയിൽ ഹാജരാകുകയായിരുന്നു. കോടതിയിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി.

അഞ്ചു മാസത്തോളം ഒളിവിൽ കഴിഞ്ഞ തെള്ളകം ചൂരക്കുളം വീട്ടിൽ ക്രിസ്റ്റി ജോസഫി(23)നെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്.  അതിരമ്പുഴയിൽ പെട്രോളിംങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ കഴിഞ്ഞ ആഗസ്റ്റിലാണ് ക്രിസ്റ്റിയും ക്വട്ടേഷൻ സംഘവും പെട്രോൾ ബോംബ് എറിഞ്ഞത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ക്രിസ്റ്റി ഒളിവിൽ പോയി. തുടർന്നാണ് പൊലീസ് സംഘം ഇയാൾക്കായി വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. ഇതിനിടെ പൊലീസ് സമ്മർദം ശക്തമാക്കിയതോടെ ക്രിസ്റ്റി കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതി കീഴടങ്ങിയതോടെ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. പെട്രോൾ ബോംബ് ഉണ്ടാക്കിയതും കഞ്ചാവ് മാഫിയ സംഘാംഗങ്ങളെ ഒപ്പം കൂട്ടിയതും ആക്രമണം നടത്തിയതും ക്രിസ്റ്റിയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് അതിരമ്പുഴ കോട്ടമുറിയിൽ പൊലീസിനു നേരെ യുവാക്കളുടെ സംഘം പെട്രോൾ ബോംബ് എറിഞ്ഞത്. കോട്ടമുറി റോഡിലൂടെ അമിത വേഗത്തി പാഞ്ഞ യുവാവിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു.  തുടർന്ന് നാട്ടുകാരും യുവാവുമായി തർക്കമുണ്ടായി. കഞ്ചാവ് മാഫിയ സംഘാംഗമായ യുവാവ് മടങ്ങിപ്പോയ ശേഷം തിരികെ തന്റെ ഗുണ്ടാ സംഘാംഗങ്ങളുമായി എത്തി വീട് ആക്രമിക്കുകയായിരുന്നു. ഇതിനൂ ശേഷം രണ്ടാമത്ത് എത്തി വീണ്ടും വീട് തകർക്കാനുള്ള ശ്രമമാണ് പെട്രോൾ ബോംബ് ഏറിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബൈക്ക് അമിത വേഗത്തിൽ ഓടിച്ചതിനെ ചോദ്യം ചെയ്തതിന്റെ പ്രതികാരം തീർക്കാൻ സംഭവദിവസം രാത്രി എട്ടു മണിയോടെ ഗുണ്ടാ സംഘം പയസിന്റെ വീട്ടിലെത്തി. കമ്പിവടിയും, കുരുമുളക് സ്പ്രേയും മാരകായുധങ്ങളുമായാണ് പ്രതികൾ വീട്ടിലേയ്ക്ക് പാഞ്ഞെത്തിയത്. തുടർന്ന് വീട് പൂർണമായും അടിച്ചു തകർത്തു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേയ്ക്കും ആദ്യത്തെ ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തു നിന്നും രക്ഷപെട്ടിരുന്നു.

പിന്നീട്, രാത്രി ഒന്നരയോടെയാണ് ഗുണ്ടാ സംഘം വീണ്ടും എത്തിയത്. പയസിന്റെ വീടും സമീപത്തെ ആളുകളുടെ വീടും ആക്രമിച്ച് തകർക്കുന്നതിനായാണ് പ്രതികൾ രാത്രി ഒന്നരയോടെ എത്തിയത്. പയസിന്റെ വീട്ടിലേയ്ക്കുള്ള ഇടവഴിയിലേയ്ക്ക് രണ്ടു കാറുകളിലായി ഗുണ്ടാ സംഘം കയറിയതോടെ എതിർവശത്തു നിന്നും പൊലീസ് ജീപ്പ് എത്തി. ജീപ്പ് കണ്ടതോടെ പ്രതികൾ വാഹനം പിന്നിലേയ്ക്ക് എടുക്കാൻ ശ്രമിച്ചു. ഇതോടെ വാഹനങ്ങൾ കൂട്ടിയിടിച്ചു.

ജീപ്പിൽ നിന്നും എ.എസ്.ഐ നാസർ, സിവിൽ പൊലീസ് ഓഫിസർ സാബു, ഹോം ഗാർഡ് ബെന്നി എന്നിവർ പ്രതികളെ ചോദ്യം ചെയ്യാനായി പുറത്തിറങ്ങി. പൊലീസ് അടുത്തേയ്ക്ക് വരുന്നത് കണ്ട പ്രതികൾ പുറത്തേയ്ക്കിറങ്ങിയോടി. ഒപ്പമുണ്ടായിരുന്ന ഗുണ്ടകളിൽ ഒരാൾ കയ്യിൽ കരുതിയ പെട്രോൾ ബോംബ് പൊസീസിനു നേരെ വലിച്ചെറിഞ്ഞു. പൊലീസുകാരുടെ തലയ്ക്കു മുകളിലൂടെ പറന്ന ബോംബ് വന്നു വീണ് പൊട്ടിയത് ജീപ്പിലാണ്. തലനാരിഴ വ്യത്യാസത്തിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവർക്ക് പരിക്കേൽക്കാതെ രക്ഷപെട്ടതും. അക്രമികൾ എത്തിയ വാഹനവും പത്ത് പെട്രോൾ ബോംബും, രണ്ട് വടിവാളുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. കേസിലെ ബാക്കിയുള്ള പ്രതികളെല്ലാവരും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.