Spread the love

കാസർകോട്: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കാണ് ഇരുപത് ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്.

video
play-sharp-fill

ഒന്നാം പ്രതി പീതാംബരന് പുറമെ, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവർക്കാണ് പരോള്‍ അനുദിച്ചത്. പരോളില്‍ ഇറങ്ങിയ പ്രതികള്‍ കാസർകോട് ജില്ലയില്‍ എത്തി.

2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. സിബിഐ പ്രത്യേക കോടതി ഈ കേസില്‍ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ക്ക് തുടർച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും കോണ്‍ഗ്രസ് നേതൃത്വവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണെന്നും, കൊടുംകുറ്റവാളികളെ സംരക്ഷിക്കാൻ പ്രത്യേക താല്പര്യം കാണിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്ന പ്രതികള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരോള്‍ നല്‍കിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പ്രതികളുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.