
കണ്ണൂർ: സംസ്ഥാനം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായ പേരാവൂരില്‍ ഇത്തവണ ആര് ചിരിക്കുമെന്ന കാര്യത്തില്‍ മുന്നണികള്‍ക്കിടയില്‍ അവകാശവാദങ്ങള്‍ ശക്തമാകുന്നു.
സിറ്റിങ് എംഎല്‍എയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് 9000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി വിലയിരുത്തുമ്പോള്‍, കെ.കെ ശൈലജയിലൂടെ മണ്ഡലം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ട് കണക്കുകള്‍ പരിശോധിക്കാൻ ചേർന്ന മണ്ഡലം കമ്മിറ്റിയിലാണ് സണ്ണി ജോസഫിന്റെ വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തല്‍ ഉയർന്നത്. അയ്യൻകുന്ന് പഞ്ചായത്ത് നിന്നാകും സണ്ണി ജോസഫിന് ഏറ്റവും ഉയർന്ന ലീഡ് ലഭിക്കുക. ആറളം (3200), കൊട്ടിയൂർ (2400), കണിച്ചാർ (2000), കേളകം (1200-1600) എന്നിങ്ങനെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം. ഇരിട്ടി മുൻസിപ്പാലിറ്റിയില്‍ 1500 വോട്ടിന്റെ ലീഡും അവർ കണക്കാക്കുന്നു.
മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാകും ലീഡ് എന്ന് യുഡിഎഫ് സമ്മതിക്കുന്നുണ്ടെങ്കിലും മൊത്തം വോട്ടുനിലയില്‍ സണ്ണി ജോസഫ് അനായാസം ജയിക്കുമെന്നാണ് പാർട്ടി കണക്ക്. മറുഭാഗത്ത്, കെ.കെ ശൈലജ 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം നേടുമെന്നാണ് സിപിഐഎം മണ്ഡലം കമ്മിറ്റിയുടെ കണക്കുകൂട്ടല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.കെ ശൈലജയുടെ വ്യക്തിപരമായ സ്വാധീനത്തിലൂടെ സമാഹരിക്കുന്ന വോട്ടുകള്‍ വിജയത്തില്‍ നിർണ്ണായകമാകും. ജന്മനാട്ടില് നിന്നുള്ള പിന്തുണയും മത-സാമുദായിക ഘടകങ്ങളും അനുകൂലമാണെന്ന് സിപിഐഎം നേതൃത്വം വിലയിരുത്തുന്നു. 2006-ല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ചരിത്രമുള്ള ശൈലജയ്ക്ക്, മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
2011 മുതല്‍ സണ്ണി ജോസഫിനൊപ്പം നില്ക്കുന്ന മണ്ഡലമാണ് പേരാവൂർ. 2021-ല്‍ 3172 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഇത്തവണ കെ.കെ ശൈലജയെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള സിപിഐഎം നീക്കം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായിരുന്നു. ശൈലജയെ പരാജയ സാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിപ്പിച്ച് ഒതുക്കാൻ ശ്രമിക്കുന്നു എന്ന വിമർശനം ഉയർന്നിരുന്നെങ്കിലും, മണ്ഡലം പിടിച്ചെടുക്കുക എന്ന തന്ത്രപരമായ നീക്കമാണ് ഇതെന്നാണ് സിപിഐഎം നിലപാട്.



