കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അധ്യാപകനായ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നിരവധി വിദ്യാര്‍ഥികള്‍ രംഗത്ത്.

Spread the love

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അധ്യാപകനായ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നിരവധി വിദ്യാര്‍ഥികള്‍ രംഗത്ത്.
ക്യാമ്പസില്‍ വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിക്കുകയും അതിക്രൂരമായി മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെയാണ് വര്‍ഷങ്ങളായി നടക്കുന്ന മാനസിക പീഡനങ്ങളെ കുറിച്ച്‌ വിദ്യാര്‍ഥികള്‍ തുറന്നു പറയുന്നത്.

video
play-sharp-fill

കോളേജിലെ അധ്യാപകന്‍ ഡോ. എം.കെ. റാമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. കേവലം ഒരു അധ്യാപകന്റെ അച്ചടക്ക നടപടികള്‍ എന്നതിനപ്പുറം, വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും തകര്‍ക്കുന്ന തരത്തിലുള്ള ക്രൂരമായ മാനസിക പീഡനങ്ങളാണ് ക്യാമ്പസിനുള്ളില്‍ നടന്നിരുന്നതെന്ന് വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു.
ചെരുപ്പിട്ട് വന്ന വിദ്യാര്‍ഥിനിയെ കോളനി എന്ന് വിളിച്ചു.

സഹപാഠിയായ പെണ്‍കുട്ടിയെ കൊണ്ട് ചെരുപ്പ് വെച്ച്‌ തല്ലിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു പരിഹസിച്ചെന്നും വിദ്യാര്‍ഥിയുടെ പ്രതികരണം. ഗുരുതരമായ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അഞ്ചരക്കണ്ടി കോളജിലെ വിദ്യാര്‍ഥികള്‍ പലരും പറയുന്നത്. നിറം കൂടിയവരെ വെള്ളപ്പാറ്റയെന്നാണ് ഡോ. റാം വിളിക്കുക. ഒരു പെണ്‍കുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു പരിഹസിച്ചു. ആ കുട്ടി ക്ലാസില്‍വെച്ച്‌ പൊട്ടിക്കരയാന്‍ പോലും പേടിച്ചിരുന്നു. പിന്നീട് അധ്യാപകന്‍ പോയ ശേഷമാണ് വിദ്യാര്‍ഥിനി കരഞ്ഞതെന്നും ഇതിനെതിരെ പ്രതികരിച്ചാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കും എന്നായിരുന്നു അധ്യാപകന്റെ ഭീഷണിയെന്നും അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ നിതിന്റെ സഹപാഠികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകന്റെ ഭാഗത്തുനിന്നും കടുത്ത വ്യക്തിഹത്യയാണ് വിദ്യാര്‍ഥികള്‍ നേരിട്ടിരുന്നത്. ചെരുപ്പ് ഇട്ട് വന്ന വിദ്യാര്‍ഥികളെ നോക്കി ‘കോളനി’ എന്ന് വിളിച്ച അധ്യാപകന്‍, കാണാന്‍ ‘ആദിവാസിയെപ്പോലെയുണ്ട്’ അഥവാ ഗോത്ര വര്‍ഗക്കാരനെപ്പോലെയുണ്ട് എന്ന് പരസ്യമായി പരിഹസിച്ചു. ഇതിനുപുറമെ കാണാന്‍ ഭംഗിയില്ലെന്നും അതിനാല്‍ ആരും നോക്കില്ലെന്നും പറഞ്ഞ് വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്നത് ഡോക്ടര്‍ റാമിന്റെ പതിവാണെന്നും വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.

വളരെ ക്രൂരവും വിചിത്രവുമായ ശിക്ഷാനടപടികളാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായിരുന്നത്. ക്ലാസില്‍ വെച്ച്‌ ഒരു വിദ്യാര്‍ഥിയെ അധിക്ഷേപിച്ചതിന് പുറമെ, സഹപാഠിയായ പെണ്‍കുട്ടിയെക്കൊണ്ട് ആ കുട്ടിയെ ചെരുപ്പൂരി തല്ലിക്കാന്‍ ഡോ. റാം നിര്‍ബന്ധിച്ചുവെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ചെറിയ കാരണങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളുടെ വസ്ത്രം വലിച്ചുകീറാന്‍ പറയുക, പണിഷ്‌മെന്റായി ഇരുപതിനായിരം രൂപ വിലവരുന്ന ബുക്കുകള്‍ വാങ്ങിപ്പിക്കുക, രണ്ടായിരം പേജുകള്‍ എഴുതിക്കുക തുടങ്ങി കടുത്ത മാനസിക പീഡനങ്ങളാണ് അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

അതേസമയം, പരാതി പറയാനോ പ്രതികരിക്കാനോ കഴിയാത്ത വിധം വലിയ ഭീഷണിയാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. തങ്ങളെ നിരീക്ഷിക്കാന്‍ മാനേജ്‌മെന്റ് പ്രത്യേകം ആളുകളെ വച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പ്രതിഷേധിക്കുന്നവരുടെയും പ്രതികരിക്കുന്നവരുടെയും ഫോട്ടോകളും ദൃശ്യങ്ങളും പകര്‍ത്തി കരിയര്‍ ഇല്ലാതാക്കുമെന്ന് അധ്യാപകരും മാനേജ്‌മെന്റും ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ പറയുന്നു. എതിര്‍ത്ത് സംസാരിക്കുന്നവരെ ഇന്റേണല്‍, വൈവ പരീക്ഷകളില്‍ മനഃപൂര്‍വ്വം തോല്‍പ്പിക്കുമെന്നും, കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഒമ്പത് വര്‍ഷത്തോളം ക്യാമ്പസില്‍ പിടിച്ചിരുത്തുമെന്നുമുള്ള ഭയമാണ് വിദ്യാര്‍ഥികളെ ഇത്രയും കാലം നിശബ്ദരാക്കിയത്.

നിതിന്റെ മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ യാതൊരു ഇടപെടലും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ മാനേജ്‌മെന്റ് അയച്ചത് തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലാത്ത ഒരു പ്രതിനിധിയെയാണ്. ഡോക്ടര്‍ റാം കറുത്തവനാണെന്നും, അതുകൊണ്ട് അയാള്‍ക്ക് എങ്ങനെ കറുത്തയാളെ അധിക്ഷേപിക്കാന്‍ സാധിക്കുമെന്നുമുള്ള വിചിത്രമായ ന്യായീകരണമാണ് ഈ പ്രതിനിധി നല്‍കിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് വന്ന് ചര്‍ച്ച നടത്തണമെന്നും വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന ഡോ. റാമിനെ സര്‍വീസില്‍ നിന്ന് അടിയന്തരമായി പുറത്താക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

നിതിന്‍ രാജ് ജീവനൊടുക്കാന്‍ കാരണം ലോണ്‍ ആപ്പ് ഭീഷണിയും അധ്യാപകരുടെ വിചാരണയുമെന്ന നിഗമനത്തിലാണ് പൊലീസ്. പൊലീസിന്റെ വാദങ്ങള്‍ നിതിന്റെ സഹോദരി പൂര്‍ണമായും തള്ളി. നിതിനെ കൊന്നതാണെന്നും സഹോദരന്റെ മരണം ലോണ്‍ ആപ്പിലേക്ക് ഒതുക്കാന്‍ സമ്മതിക്കില്ലെന്നും നികിത രാജ് പ്രതികരിച്ചു. നിതിനെ ഡോ. എം കെ റാം സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്ന് സഹപാഠി പറഞ്ഞു. റാമിനെ പുറത്താക്കണമെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. എന്നാല്‍ അധ്യാപകന്റെ പീഡനത്തെ കുറിച്ച്‌ അറിയില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്.