Thursday, April 23, 2026

കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു; തലയ്ക്കു ബിയർ കുപ്പിയ്ക്ക് അടിച്ചു വീഴ്ത്തി; രക്ഷപെടാതിരിക്കാൻ ചവിട്ടിപ്പിടിച്ച ശേഷം ക്രൂരമായി മർദിച്ചു; നാട്ടകത്ത് യുവാക്കൾക്ക് നേരെ കഞ്ചാവ് മാഫിയയുടെ ക്രൂരത;  ആക്രമണം പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ: മർദനമേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ

Spread the love

എ.കെ ശ്രീകുമാർ

video
play-sharp-fill

കോട്ടയം:  നാട്ടകത്ത് എം.സി റോഡരികിൽ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടവും ക്രൂരതയും. നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന നടുറോഡിൽ, കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു യുവാക്കളെ വീഴ്ത്തിയ ശേഷം ബിയർ കുപ്പിയും കമ്പിവടിയും അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു വീഴ്ത്തി. അരമണിക്കൂറോളം അഴിഞ്ഞാടിയ അക്രമി സംഘം യുവാക്കൾ മൃതപ്രായരായി എന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ഥലത്തു നിന്നും പിൻതിരിഞ്ഞത്. എം.സി റോഡിൽ നാട്ടകം ഗവ.കോളേജ് ജംഗ്ഷനിലായിരുന്നു അക്രമി സംഘം അഴിഞ്ഞാടിയതും, യുവാക്കളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതും.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബന്ധുക്കളായ നാട്ടകം മറിയപ്പള്ളി കൊളയ്ക്കാട്ട് വീട്ടിൽ കെ.എസ് അർജുൻ (24), ബന്ധു നാട്ടകം മറിയപ്പള്ളി വടക്കേടത്ത് വീട്ടിൽ രാഹുൽ (30) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അർജുനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്തു. നാട്ടകം കോളേജ് ബസ് സ്‌റ്റോപ്പിനു സമീപം ടൂട്ടോറിയൽ കോളേജും, കരിയർ ഗൈഡൻസ് കോഴ്‌സും നടത്തുകയാണ് ഇരുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ എത്തുന്ന പെൺകുട്ടികളെ ഒരു സംഘം സാമൂഹ്യ വിരുദ്ധർ നിരന്തരം ശല്യം ചെയ്തിരുന്നു. ഇരുവരും ഇതിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പെൺകുട്ടികളെ ശല്യം ചെയ്തവരെ താക്കീത് ചെയ്ത ഇരുവരും, വിവരം പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളോളമായി ഇരുവർക്കും പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നു.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമി സംഘം ഇരുവരെയും ലക്ഷ്യമിട്ട് നാട്ടകത്തെ ഓഫിസിനു മുന്നിൽ എത്തിയത്. ഇരുവരും ഓഫിസിനുള്ളിൽ നിന്നും പുറത്ത് വരുന്നതും കാത്ത് അക്രമി സംഘം പുറത്ത് തമ്പടിച്ചു നിന്നു. തുടർന്ന്, ഇരുവരും ഓഫിസിൽ നിന്നും പുറത്തേയ്ക്കു ഇറങ്ങിയതും, പാഞ്ഞെത്തിയ ഗുണ്ടാ സംഘം ഇരുവരുടെയും കണ്ണിൽ ആദ്യം കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. പിന്നാലെ, ഇരുവർക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. കുരുമുളക് സ്‌പ്രേ പ്രയോഗത്തിൽ പകച്ചു പോയ ഇരുവരെയും ആദ്യം തലയ്ക്കു ബിയർ കുപ്പിയ്ക്കു അടിച്ചു വീഴ്ത്തി. തുടർന്ന്, നിലത്തു വീണ രണ്ടു പേരെയും മാരകമായി മർദിച്ചു.

റോഡിൽ വീണു പോയ ഇരുവരെയും, കമ്പിവടിയും വടിവാളും കത്തിയും സോഡാക്കുപ്പിയും അടക്കമുള്ളവ ഉപയോഗിച്ച് ആക്രമിച്ചു. അടിയേറ്റു വീണ് മൃതപ്രായരായ ഇരുവരെയും റോഡിൽ ഉപേക്ഷിച്ച ശേഷം അക്രമി സംഘം രക്ഷപെട്ടു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ചിങ്ങവനം പൊലീസാണ് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളാലിയ ഇരുപതോളം തുന്നിക്കെട്ടും വേണ്ടി വന്നിട്ടുണ്ട്. അർജുനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി.