
തിരുവനന്തപുരം: കൊടുംവരള്‍ച്ച തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെളളം മുട്ടിക്കുമോയെന്ന് ആശങ്ക.
നഗരത്തിലേക്ക് വെളളമെത്തുന്ന പേപ്പാറ അണക്കെട്ടില്‍ പരമാവധി 28 ദിവസത്തേക്കുളള വെളളം മാത്രമാണ് ഇനി ശേഷിക്കുന്നത്.
വനമേഖലയില്‍ നിന്ന് നീരൊഴുക്ക് നിലച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു.
വേനല്‍മഴയെത്തിയില്ലെങ്കില്‍ തലസ്ഥാന നഗരത്തില്‍ ജലഉപയോഗത്തിന് നിയന്ത്രണം വന്നേക്കും. കരമനയാറില്‍ പണിത പേപ്പാറ അണക്കെട്ടില്‍ നിന്ന് അരുവിക്കരയിലേക്ക് എത്തിച്ച് ശുദ്ധീകരിച്ചാണ് തിരുവനന്തപുരം നഗരത്തിലുള്ളവര്‍ വെളളം കുടിക്കുന്നത്. നാല് ലക്ഷത്തോളം കണക്ഷനാണുള്ളത്. ദിവസം നാനൂറ് ദശലക്ഷം ലിറ്റർ വരെ വെളളം പേപ്പാറയില്‍ നിന്ന് ചെല്ലണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

107.5 മീറ്റർ സംഭരണശേഷിയുളള അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 96.65 മീറ്ററായി താഴ്ന്നു. വന്യജീവി സങ്കേതത്തിനുളളിലെ തടാകനടുവില്‍ മണ്‍കൂനകള്‍ തെളിഞ്ഞു. മരക്കുറ്റികള്‍ കാണാം.
അഗസ്ത്യവനമേഖലയില്‍ നിന്ന് നീരൊഴുക്കും നിലച്ചു. ജലനിരപ്പ് 86 മീറ്ററില്‍ താഴ്ന്നാല്‍ അരുവിക്കരയിലേക്ക് വെളളം നല്‍കാനാവില്ല. 90 മീറ്ററായാല്‍ വെളളത്തിന്‍റെ നിലവാരം മോശമാകും. വേനല്‍മഴ കാര്യമായി കിട്ടിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയായിരിക്കും ഉണ്ടാവുക. തലസ്ഥാന നഗരത്തിലെ ജലഉപയോഗത്തിന് നിയന്ത്രണം വന്നേക്കും.
ഗാർഹിക ഉപയോഗത്തിനുളള വെളളം പരിമതപ്പെടുത്തിയും ശുദ്ധജല ദുരുപയോഗത്തിനെതിരെ നിയമനടപടി കടുപ്പിച്ചും ഘട്ടംഘട്ടമായാവും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. പ്രതിസന്ധി പരിഹരിക്കാൻ നെയ്യാർ ഡാമില്‍ നിന്ന് അരുവിക്കരയിലേക്ക് വെളളമെത്തിക്കാനും ശ്രമമുണ്ട്.







