കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം റോഡരികിൽ ദൂരൂഹ സാഹചര്യത്തിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

തൃശൂർ: കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തി. കയ്പമംഗലം സ്വദേശിയായ മനോഹരന്റെ മൃതദേഹമാണ്, കൈകൾ പിന്നിലോട്ട് കെട്ടിയ നിലയിൽ ഗുരുവായൂർ മമ്മിയൂർ റോഡരികിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയത്.

അർധരാത്രി 12.50ഓടെ പമ്പിൽ നിന്ന് കാറിൽ വീട്ടിലേക്ക് പോയ മനോഹരനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാർ രാത്രി ഫോണിൽ വിളിച്ചപ്പോൾ, ഒരാൾ ഫോണെടുത്ത് മനോഹരൻ ഉറങ്ങുകയാണെന്ന് മറുപടി നൽകി. പെട്രോൾ പമ്പിൽ കിടക്കുന്ന പതിവ് മനോഹരന് ഉള്ളതിനാൽ സംശയം തോന്നിയില്ല. തൊട്ടടുത്ത ദിവസവും വിവരം ലഭിക്കാത്തതിനാൽ പരിഭ്രാന്തിയിലായ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയെങ്കിലും മനോഹരന്റെ കാറും മൊബൈൽ ഫോണും കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂടാതെ രാത്രി വീട്ടുകാർ വിളിച്ചപ്പോൾ ആരാണ് ഫോണെടുത്തതെന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.