Spread the love

കൊച്ചി: പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ സ്വദേശി ജിജോയുടെ (53) മരണത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ജിജോയെ തള്ളിയിട്ടതും ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ ലഭ്യമാക്കാതെ ഉപേക്ഷിച്ചതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാട്ടിയിൽ വിനു (38), വി.കെ. ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

വ്യാഴാഴ്ച മദ്യപാനത്തിനിടെ ജിജോയ്ക്ക് കുട്ടികളില്ലാത്തതിനെ ചൊല്ലി ഉണ്ടായ പരിഹാസം തർക്കത്തിനും തുടർന്ന് കൈയാങ്കളിക്കും വഴിവെച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തർക്കത്തിനിടെ പ്രതികൾ ചേർന്ന് തള്ളിയിട്ടതിനെ തുടർന്ന് ജിജോയുടെ തല റബർ മരത്തിൽ ശക്തമായി ഇടിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പരിക്കേറ്റ് ബോധരഹിതനായ ജിജോയെ ആശുപത്രിയിലെത്തിക്കാതെ സമീപത്തെ സ്ഥലത്ത് കിടത്തിയശേഷം പ്രതികൾ മടങ്ങി. രാത്രി പലതവണ സ്ഥലത്തെത്തി ജിജോയുടെ നില പരിശോധിച്ചെങ്കിലും ചികിത്സ ഉറപ്പാക്കിയില്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ മൊഴികളിലെ വൈരുധ്യം കണ്ടെത്തുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group