ശസ്ത്രക്രിയയ്ക്ക് കയറ്റിയ വീട്ടമ്മയുടെ മരണം പെട്ടെന്നുണ്ടായ ഹൃദയാഘാതമെന്ന് ആശുപത്രി റിപ്പോർട്ട്; ഓവർ ഡോസ് അനസ്‌തേഷ്യയാണ് മരണകാരണമെന്ന് ബന്ധുക്കൾ; ചികിത്സാപ്പിഴവാരോപിച്ച് പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്ററിനെതിരെ കേസ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശസ്ത്രക്രിയയ്ക്ക് കയറ്റിയ വീട്ടമ്മ മരണമടഞ്ഞ കേസിൽ പത്തനംതിട്ടയിലെ മുത്തൂറ്റ് മെഡിക്കൽ സെന്ററിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റിങ് റോഡരികിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് മെഡിക്കൽ സെന്ററിനെതിരേയാണ് മരണപ്പെട്ട വീട്ടമ്മയുടെ ബന്ധുക്കൾ പരാതി നല്കിയത്.
അപ്പെൻഡിസൈറ്റിസിന്റെ ശസ്ത്രക്രിയയ്ക്കായി 23 നാണ്മലയാലപ്പുഴ കാഞ്ഞിരപ്പാറ ജയ ഭവനത്തിൽ മനോജിന്റെ ഭാര്യ സതിഭായി (49) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 ന് ഉച്ചയോടെ ഇവരെ ശസ്ത്രക്രിയാ റുമിലേക്ക് മാറ്റി. അവിടെ വച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് സതിയുടെ മരണ വിവരം ബന്ധുവായ സുരേഷിനെ ഡോക്ടർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മരണത്തിൽ സംശയമുണ്ടെന്നും ഓവർ ഡോസ് അനസ്‌തേഷ്യയാണ് മരണകാരണമെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. സതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.
ചികിൽസാപ്പിഴവ് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. ചികിൽസാപ്പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിദഗ്ധ ഡോക്ടർമാരുടെ പാനലിനെ നിയോഗിക്കും. ഇവരുടെ അഭിപ്രായം അനുസരിച്ചാകും കേസ് സംബന്ധിച്ച് തുടർ നടപടികൾ മുന്നോട്ടു നീങ്ങുക.