
വാഹനാപകടത്തിൽപെട്ട യുവാക്കളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു : പൊന്തൻപുഴയിൽ നിന്ന് 80 ഗ്രാം കഞ്ചാവ് വാങ്ങി വില്പനയ്ക്കു പോകുമ്പോൾ അപകടം; രണ്ട് ആനിക്കാട് സ്വദേശികൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: വാഹനാപകടത്തിൽപെട്ട് പരിക്കേറ്റ യുവാക്കളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വിൽപനക്ക് കൊണ്ടുപോകുംവഴിയാണ് യുവാക്കൾ അപകടത്തിൽപെട്ടത്.
രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും നാട്ടുകാരും ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇവരുടെ കൈയിൽനിന്ന് 80 ഗ്രാം കഞ്ചാവിന്റെ പൊതി കണ്ടെത്തുകയായിരുന്നു. ആനിക്കാട് നൂറോന്മാവ് ഉരിയപ്രയിൽ വീട്ടിൽ പ്രണവ് പ്രകാശ് (22), ആനിക്കാട് നൂറോന്മാവ് കണ്ണംകുളത്ത് പുന്നശ്ശേരി വീട്ടിൽ ജിത്തു പി. ലിജോ (22)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പെട്ടി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊന്തൻപുഴയിൽനിന്ന് കഞ്ചാവ് വാങ്ങി വിൽപനക്ക് പോകുംവഴി പപ്പനാട്ടുപാലത്തുവെച്ചാണ് ഇവർ അപകടത്തിൽപെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പട്ടി പൊലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിൽ എസ്.ഐ പി.കെ. പ്രഭ, എസ്.സി.പി.ഒ ജോൺസി, സി.പി.ഒമാരായ പ്രവീൺ, ബിനോജ്, ജീസൺ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.