
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രപരമായ പരാജയത്തിന് പിന്നാലെ സി.പി.എമ്മിനുള്ളില്‍ ‘പി.ജെ ഫാക്ടര്‍’ വീണ്ടും ശക്തമാകുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ചാ മോഹങ്ങള്‍ തകര്‍ന്നടിയുകയും എല്‍.ഡി.എഫ് കേവലം 35 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്ത സാഹചര്യത്തില്‍, പാര്‍ട്ടിയെ അടിത്തട്ടില്‍ നിന്ന് തിരുത്താന്‍ പി. ജയരാജന്‍ എത്തണമെന്ന വികാരം അണികള്‍ക്കിടയില്‍ പടരുകയാണ്. പരാജയഭാരത്താല്‍ ഔദ്യോഗിക നേതൃത്വം പ്രതിരോധത്തിലായതോടെ, കണ്ണൂര്‍ കേന്ദ്രീകരിച്ച് വലിയൊരു പടയൊരുക്കം തന്നെ ആരംഭിച്ചതായാണ് സൂചന.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് തന്നെ ഉയര്‍ന്നു കഴിഞ്ഞു. സെക്രട്ടറി എന്ന നിലയില്‍ സംഘടനാപരമായ പരാജയമാണ് ഉണ്ടായതെന്നും സ്വന്തം തട്ടകത്തില്‍ പോലും വോട്ട് ചോര്‍ച്ച തടയാന്‍ ഗോവിന്ദന് കഴിഞ്ഞില്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഗോവിന്ദന്റെ ശൈലിയും പരാജയത്തിന് ആക്കം കൂട്ടിയെന്ന വിമര്‍ശനം സംസ്ഥാന സെക്രട്ടേറിയറ്റിലും വലിയ ചലനമുണ്ടാക്കും.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പി. ജയരാജന്‍ നടത്തിയ നിരീക്ഷണങ്ങള്‍ പിണറായി വിജയന്റെ വ്യക്തികേന്ദ്രീകൃത ഭരണശൈലിക്കേറ്റ കനത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. ‘വിജയപരാജയങ്ങള്‍ പദവിയിലിരിക്കുന്ന വ്യക്തിയുടെ മാത്രം മഹിമയാണെന്നതില്‍ യോജിക്കാന്‍ കഴിയില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ‘ക്യാപ്റ്റന്‍’ ഇമേജിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. പാര്‍ട്ടി വ്യക്തിയേക്കാള്‍ വലുതാണെന്ന ഓര്‍മ്മപ്പെടുത്തലിലൂടെ പിണറായി യുഗത്തിന് അറുതി കുറിക്കണമെന്ന സന്ദേശമാണ് ജയരാജന്‍ നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന പി. ശശിക്കും കെ.കെ. രാഗേഷിനുമെതിരെ പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷമാണ് പുകയുന്നത്. പോലീസിനെ കയറൂരി വിട്ടതും പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയതും ശശിയുടെയും രാഗേഷിന്റെയും ഇടപെടലുകളാണെന്ന ആരോപണം ശക്തമാണ്. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ഇവരുടെ നടപടികള്‍ കാരണമായെന്ന് വിശ്വസിക്കുന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ ഉണ്ടായ വിള്ളല്‍ നികത്താന്‍ ‘ചെന്താരകം’ എന്ന് അണികള്‍ വിശേഷിപ്പിക്കുന്ന പി. ജയരാജന്‍ തന്നെ വരണമെന്നാണ് സൈബര്‍ പോരാളികളുടെ വാദം. പണ്ട് ജയരാജനെതിരെ ഉയര്‍ന്ന ‘വ്യക്തിപൂജ’ ആരോപണങ്ങള്‍ ഇപ്പോള്‍ പിണറായി വിജയനെതിരെ തിരിഞ്ഞത് ഔദ്യോഗിക പക്ഷത്തെ വെട്ടിലാക്കി. അടിത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനായ ഒരു നേതാവ് പാര്‍ട്ടിയെ നയിച്ചില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന ബോധ്യം അണികള്‍ക്കുണ്ട്.
തിരുത്തല്‍ നടപടികള്‍ക്കായി പി. ജയരാജന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അത് പിണറായി പക്ഷത്തിന് വലിയ വെല്ലുവിളിയാകും. പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കെ, നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ജയരാജന്‍ ഫാക്ടര്‍ തീപിടിപ്പിക്കും. കേരളത്തിലെ സി.പി.എമ്മിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ചെന്താരകം ഉദിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തിരുത്തലിന് വഴങ്ങാത്ത നേതൃത്വത്തിനെതിരെ പടയൊരുക്കം തുടങ്ങിയതോടെ എകെജി സെന്ററില്‍ വരും ദിവസങ്ങള്‍ സംഘര്‍ഷഭരിതമാകും.







