
കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്നും 4 കോടി രൂപ വായ്പ, തിരിച്ചടയ്ക്കേണ്ടത് 19 കോടി രൂപ: പറവൂർ എസ് എൻ ട്രസ്റ്റ് കോളേജ് ജപ്തി ചെയ്യാൻ ഒരുങ്ങി ബാങ്ക്, പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും
കൊച്ചി: വടക്കൻ പറവൂർ മാഞ്ഞാലി എസ് എൻ ട്രസ്റ്റ് കോളേജ് ജപ്തി ഭീഷണിയിൽ. ജപ്തി ഉത്തരവുമായി സ്വകാര്യ ബാങ്ക് അധികൃതർ കോളേജിൽ എത്തിയപ്പോൾ ഉണ്ടായത് നാടകീയ രംഗങ്ങൾ.
പറവൂർ ഗുരുദേവ ട്രസ്റ്റിന് കീഴിലാണ് വടക്കൻ പറവൂരിലെ മാഞ്ഞാലിയിലുള്ള എസ്എൻ ട്രസ്റ്റ് കോളേജ്. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോഴാണ് കോടതി ഉത്തരവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥർ രണ്ടാമതും ജപ്തി നടപടികൾക്കായി എത്തിയത്.
ബാങ്കുദ്യോഗസ്ഥർ ഓഫീസ് റൂമും കോളേജ് മാനേജരുടെയും ചെയർമാന്റേയും മുറികളും പൂട്ടി സീൽ വെച്ചു. ക്ലാസ് മുറികളും പൂട്ടാൻ തുടങ്ങിയതോടെ കോളേജ് അധികൃതരെത്തി. പണം അടയ്ക്കാമെന്ന് ഉറപ്പു നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പഠനം മുടങ്ങുമോയെന്ന ഭീതിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് കവാടം പൂട്ടി പ്രതിഷേധക്കാർ പ്രതിരോധം തീർത്തു.
2014ലാണ് കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്ന് കോളജ് നാല് കോടി രൂപ വായ്പയെടുത്തത്. തുടക്കത്തിൽ പലിശയടവ് കൃത്യമായിരുന്നു. പിന്നീട് അടവു മുടങ്ങി. പലിശയുൾപ്പെടെ 19 കോടിയോളം രൂപയാണ് ബാങ്കിൽ അടയ്ക്കാൻ ഉള്ളത്. ഈ മാസം 30നകം ഒരു കോടിയും വർഷാവസാനത്തോടെ രണ്ട് കോടിയും നൽകാമെന്നാണ് കോളേജ് ബാങ്കിന് നൽകിയിരിക്കുന്ന ഉറപ്പ്.