മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങളായി, ചിലവ് രണ്ടു കോടി ; ഇനിയും തുറന്നുകൊടുക്കാതെ മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ട്
തൃശൂർ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ ഏറെയായിട്ടും തുറന്നുകൊടുക്കാതെ ഗവ. മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് കെട്ടിടം വെറുതെ കിടന്ന് നശിക്കുന്നു.
രണ്ടുകോടി ചെലവഴിച്ചാണ് കെട്ടിട സമുച്ചയം നിര്‍മിച്ചത്. എന്നാല്‍ അതിലേക്കുള്ള ലാബുകള്‍, ഫര്‍ണിച്ചറുകള്‍, ജീവനക്കാര്‍, വൈദ്യുതി എന്നിവ ലഭ്യമാക്കാന്‍ നടപടികള്‍ ഒന്നുംതന്നെ അധികൃതര്‍ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ഗവ. മെഡിക്കല്‍ കോളജില്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ തുടങ്ങിയിട്ട് 38 വര്‍ഷമായി. എന്നാല്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായതും അടിസ്ഥാന സൗകര്യങ്ങളുമുള്ള കെട്ടിടമില്ലാതെ കോളജ് കാമ്ബസിലെ പഴയ കെട്ടിടങ്ങളില്‍ മാറിമാറിയാണ് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്. വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച് മുന്‍ മന്ത്രി ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഉദ്ഘാടനം നിര്‍വഹിച്ചതാണിത്. ഇതിനൊപ്പം മെഡിക്കല്‍ കോളജ് ഗ്രൗണ്ടിനടുത്തായി നാലുകോടി രൂപ ചെലവില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലും നിര്‍മിച്ചിട്ടുണ്ട്. മൂന്ന് നിലകളിലായി 50 കിടപ്പുമുറികളും 12 ടോയ്‌ലെറ്റ് ബ്ലോക്കുകളും മൂന്ന് റിക്രിയേഷന്‍ റൂമുകളും മൂന്ന് റീഡിങ് റൂമുകളും വാര്‍ഡന്റെ റൂമും ഡൈനിങ് ഹാളോടുകൂടിയ അടുക്കളയുമാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് ഹോസ്റ്റല്‍. അതുകൊണ്ടുതന്നെ പട്ടികവിഭാഗത്തിലുള്ള വിദ്യാര്‍ഥികളാണ് അധികവും താമസിക്കുന്നത്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ പോലും ഇവിടെ നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. കേടുവന്ന ലൈറ്റുകളും ഫാനുകളും മാറ്റിയിടാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഇഴജന്തുക്കളെ ഭയന്നു കഴിയേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.
പ്ലസ്ടുവിന് ശേഷം മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പാരാമെഡിക്കല്‍ രംഗം. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകളാണ് ഈ മേഖലയില്‍ ഉള്ളത്. ഇവിടത്തെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താനാവശ്യമായ ട്യൂട്ടര്‍മാരില്ലെന്നും ആക്ഷേപമുണ്ട്. പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ഡോക്ടര്‍മാരാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. ട്യൂട്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ മെഡിക്കല്‍ കോളജ് നല്‍കിയ അപേക്ഷകള്‍ പരിഗണിക്കപ്പെട്ടില്ല.
അതേസമയം സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളജുകളിലെല്ലാം ട്യൂട്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ട്യൂട്ടര്‍മാരില്ലാത്തത് കോഴ്‌സുകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. പ്രാക്ടിക്കല്‍ രംഗത്താണ് ട്യൂട്ടര്‍മാരില്ലാത്തതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. പല ചികിത്സാമേഖലകളിലും നല്ല വികസനം ഉണ്ടായെങ്കിലും പാരാമെഡിക്കല്‍ മേഖലയ്ക്ക് കടുത്ത അവഗണന മാത്രമാണ് ലഭിച്ചത്. തുടങ്ങിയ സമയത്തുണ്ടായിരുന്ന നാല് ഡിപ്ലോമ കോഴ്‌സുകള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിനായി നിര്‍മിച്ച കെട്ടിടവും ഉദ്ഘാടനം കഴിഞ്ഞ് വെറുതെ ഇട്ടിരിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിക്കാത്തതിനാലാണ് കെട്ടിടം വെറുതെയിട്ടിരിക്കുന്നത്. ട്യൂട്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കുകയും ഇന്‍സ്റ്റിട്യൂട്ട് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്താല്‍ ഈ മേഖലയില്‍ ബിരുദ കോഴ്‌സുകള്‍ തുടങ്ങാനും കൂടുതല്‍ ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നതിനും സഹായകമാകും. നിലവില്‍ ഇത്തരം കോഴ്‌സുകള്‍ക്കായി തൃശൂരിലെ വിദ്യാര്‍ഥികള്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
ഈ ഇന്‍സ്റ്റിട്യൂട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു മുന്‍ഗണനയും സര്‍ക്കാര്‍ നല്‍കുന്നില്ല. കഴിഞ്ഞ മാസം പൊലീസ് അക്കാദമിയിലെ പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായകള്‍ക്കുള്ള പരിശീലനം ഈ കെട്ടിടത്തില്‍ നടത്തിയത് ചില വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തിരുന്നു. എന്നാല്‍ അവരുടെ പരാതി മുഖവിലക്കെടുക്കാന്‍ അധികൃതര്‍ തയാറായില്ല. കെട്ടിടം പഠനത്തിനുവേണ്ടി വിദ്യാര്‍ഥികള്‍ക്ക് തുറന്നുകൊടുക്കാതെ, പൊലീസ് നായള്‍ക്ക് പരിശീലനത്തിന് തുറന്ന് കൊടുക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. അതേസമയം കെട്ടിടം മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണമുണ്ട്. കോളജ് കാമ്ബസിലെ പഴയ കെട്ടിടങ്ങള്‍ പാരാമെഡിക്കല്‍ ഇന്‍സിറ്റിട്യൂട്ടിന് പകരം നല്‍കുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന.