
കോഴിക്കോട്: പന്തീരാങ്കാവില്‍ ദേശീയ ഷൂട്ടിങ് താരം കാർത്തിക്കിനെ (19) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മരണകാരണം ഇനിയും വ്യക്തമല്ല.
ആത്മഹത്യയാണോ തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിർത്തുണ്ടായ അപകടമാണോ എന്നാണു കേസ് അന്വേഷിക്കുന്ന പന്തീരാങ്കാവ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് കാർത്തിക്കിനെ തലയ്ക്ക് വെടിയേറ്റ് നിലയില്‍ വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ കണ്ടെത്തിയത്. വെടിയൊച്ച കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർത്തിക്കിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വീട്ടുകാരും നാട്ടുകാരും അമ്പരപ്പിലാണ്.
രാവിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറി. സഹപാഠികളും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ബുധനാഴ്ച ഫൊറൻസിക് വിദഗ്ധർ ഉള്‍പ്പെടെയുള്ള സംഘം കാർത്തിക്കിന്റെ കിടപ്പുമുറിയിലും പരിസരത്തും പരിശോധന നടത്തി. തലയ്ക്ക് തൊട്ടടുത്ത് വച്ചാണ് തോക്കില്‍ നിന്ന് വെടിയുതിർന്നതെന്നാണ് സൂചന.





