
നീണ്ട ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം നാട്ടിലെത്തി. ഇന്ന് രാവിലെ 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ വിമാന താവളത്തിലിറങ്ങിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയായതോടെയാണ് റഹീമിന് പെരുന്നാൾ ദിനം തന്നെ നാട്ടിലെത്താൻ സാധിച്ചത്. സൗദിബാലന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതൽ സൗദിയിൽ ജയിലിലായിരുന്നു.
സൗദി സമയം രാത്രി 11.55ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസില്‍ രാവിലെ 7.35നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006ലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







