
സ്വന്തം ലേഖകൻ
കോട്ടയം : അപേക്ഷാ ഫോമിൽ നിന്നുൾപ്പെടെ ‘അപേക്ഷ’ ഇല്ലാതാക്കി പനച്ചിക്കാട് പഞ്ചായത്ത്. ജനങ്ങൾ ഇനി മുതൽ സേവനങ്ങൾക്ക് അപേക്ഷിക്കുന്നു എന്നതിന് പകരം താൽപര്യപ്പെടുന്നു എന്ന വാക്ക് ഉപയോഗിക്കണമെന്ന് പഞ്ചായത്ത് തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി അപേക്ഷാ ഫോം എന്നതു മാറി ആവശ്യ പത്രിക അല്ലെങ്കിൽ ആവശ്യ ഫോം എന്നും മാറ്റി.
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ‘അപേക്ഷിക്കുക എന്ന വാക്കിന് യാചിക്കുക എന്ന അർഥവുമുണ്ട്. ജനങ്ങൾ അവകാശങ്ങൾക്കായി യാചിക്കേണ്ടതില്ല.’ അവർ പറഞ്ഞു.
നിലവിലുള്ള ഫോമുകളിൽ അപേക്ഷിക്കുന്നു എന്ന വാക്ക് ഉള്ളതിനാൽ അത് മാറ്റാൻ നിർദേശം നൽകിയെന്നും ആനി മാമ്മൻ പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായ ഈ കാലത്തെങ്കിലും ഇത്തരം പ്രയോഗങ്ങൾക്ക് മാറ്റം വരണമെന്ന ചിന്തയാണ് ഇതിനു പിന്നിലെന്ന് വൈസ് പ്രസിഡന്റ് റോയി മാത്യു വ്യക്തമാക്കി.
പനച്ചിക്കാട് പഞ്ചായത്തിന്റെ മാതൃകാപരമായ ഉത്തരവ് കേരളത്തിലെ മുഴുവൻ സർക്കാർ ഓഫിസുകൾക്കും ബാധകമാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഭരണ ഭാഷ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച കത്ത് നൽകിയിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group







