1100 വീടുകളിൽ സൗജന്യമായി പാലും മുട്ടയും നൽകി ജനപ്രതിനിധികൾ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വ്യത്യസ്തമായ ഇടപെടലുമായി പനച്ചിക്കാട് പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികൾ
സ്വന്തം ലേഖകൻ
പനച്ചിക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയിരത്തി ഒരുനൂറിലധികം വീടുകളിൽ പാലും മുട്ടയും നൽകി കോവിഡ് പ്രതിരോധത്തിൽ വ്യത്യസ്ത സഹായ പദ്ധതി നടപ്പിലാക്കി കോൺഗ്രസ് ജനപ്രതിനിധികൾ.
കോട്ടയം ജില്ലയിലെ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ , കുഴിമറ്റം വാർഡുകളിലെ മുഴുവൻ വീടുകളിലും പശുവിൻ പാലും നാടൻ കോഴിമുട്ടയുമാണ് നൽകിയത്. ആയിരത്തി ഒരുനൂറ് വീടുകളിലുമായി പതിനൊന്നായിരം മുട്ടയും ആയിരത്തി ഒരുനൂറ് ലിറ്റർ പാലും വിതരണം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് വാർഡ് കമ്മറ്റികളുടെ സഹകരണത്തോടെ പത്ത് ഘട്ടമായാണ് ഇത് പൂർത്തിയാക്കിയത്. വീടൊന്നിന് ഒരു ലിറ്റർ പാലും പത്ത് മുട്ടയുമാണ് നൽകിയത്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ചിലവഴിച്ച ഈ പദ്ധതിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയിമാത്യുവും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ജീനാജേക്കബും മൂന്നു മാസത്തെ ഓണറേറിയവും സംഭാവന നൽകി.
മണർകാട്ടെ സർക്കാർ പൗൾട്രി ഫാമിൽ നിന്നുമാണ് മുട്ടയെത്തിച്ചത്. വാർഡുകളിലെ തന്നെ ക്ഷീര കർഷകരിൽ നിന്നും പാൽ ശേഖരിച്ചു. സംസ്ഥാനത്തെ ഒരു പ്രദേശത്തു പോലും നടപ്പിലാക്കാത്ത ഒരു സഹായ പദ്ധതിയാണ് ഏറ്റെടുത്തതെന്നും പശുവിനെയും കോഴിയെയും വളർത്തി പാലും മുട്ടയും ഉൽപ്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുവാ നും ഇതിലൂടെ സാധിച്ചെന്നും നേതൃത്വം നൽകിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു.