പാമ്പാടിയിലെ ആരാധനാലയങ്ങളിൽ മോഷണ പരമ്പര: രണ്ടാം ദിവസം പ്രതി പിടിയിൽ: പിടിയിലായത് സ്ഥിരം മോഷണക്കേസ് പ്രതി
ക്രൈം ഡെസ്ക്
കോട്ടയം: പാമ്പാടിയിൽ ആരാധനാലയങ്ങളിൽ മോഷണം നടത്തി പണം കവർച്ച ചെയ്ത കേസിൽ സ്ഥിരം മോഷണക്കേസ് പ്രതി പിടിയിൽ. മോഷണം നടത്തി രണ്ടാം ദിവസമാണ് പ്രതി പൊലീസ് പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രചരിച്ച ചിത്രം കണ്ട് നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞ് വിവരം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
വാഴൂർ എരുമത്തല കാഞ്ഞിരപ്പാറ പെരുങ്കാവുങ്കൽ വീട്ടിൽ മുകേഷ് കുമാറി (30) നെയാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാമ്പാടി എസ്.എൻ പുരം ക്ഷേത്രം , മൂത്തേടത്ത് കാവ് എന്നീ ക്ഷേത്രങ്ങളിൽ കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. ഇതേ ദിവസം തന്നെ പൊത്തൻ പുറം പള്ളിയിൽ മോഷണ ശ്രമവും നടത്തി. എസ്എൻ പുരം ക്ഷേത്രത്തിൽ നിന്നും 5000 രൂപയും ,മൂത്തേടത്ത് കാവിൽ നിന്നും 33000 രൂപയുമാണ് മോഷണം പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ വൻ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തിയിരുന്നത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലീസ് സംഘം സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വിട്ടതും. തുടർന്ന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികൾ എന്ന് സംശയിച്ച് നിരവധി ആളുകളുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ മുകേഷിനെപ്പറ്റി വിവരം ലഭിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. എസ്. സജി ,സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജിജോ , സാജു എന്നിവർ ചേർനാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യും.