മോട്ടോർ വാഹന നിയമം : പിഴ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ
സ്വന്തം ലേഖിക
ന്യൂഡൽഹി: മോട്ടോർവാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുക എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയാണെന്ന് കേന്ദ്രസർക്കാർ പറയുന്നു.നിയമത്തിൽ നിർദേശിക്കുന്ന പിഴയെക്കാൾ കുറഞ്ഞതുക ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു.
കേരളവും ഗുജറാത്തുമുൾപ്പെടെ ചില സംസ്ഥാനങ്ങൾ മോട്ടോർവാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറച്ചിട്ടുണ്ട്. തുടർന്ന് നിയമമന്ത്രാലയത്തോട് സെപ്റ്റംബറിൽ ഗതാഗതമന്ത്രാലയം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമം പാർലമെന്റ് പാസാക്കിയതായതിനാൽ അതിനെ മറികടന്ന് കുറഞ്ഞ പിഴയീടാക്കാനുള്ള നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്കു സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിലപാട് കർക്കശമാക്കുന്നതോടെ കേന്ദ്രനിയമം സംസ്ഥാനങ്ങൾ നടപ്പാക്കേണ്ടിവരും. ഹെൽമെറ്റ്, സീറ്റ്‌ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വാഹനത്തിന് ഇൻഷുറൻസ് ഇല്ലാതിരിക്കുക തുടങ്ങി 24 കുറ്റങ്ങൾക്ക് തത്സമയം പിഴയടച്ചാൽ മതിയെന്നും കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.