പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു; ഞെട്ടലോടെ പ്രോസിക്യൂഷൻ, കരുക്കൾ നീക്കി ദിലീപ്‌

പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു; ഞെട്ടലോടെ പ്രോസിക്യൂഷൻ, കരുക്കൾ നീക്കി ദിലീപ്‌

സ്വന്തം ലേഖകൻ

കൊച്ചി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ജൂലൈ നാലിന് വിധി പറയാൻ ഇരിക്കുന്ന സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിർഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാർ അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടിൽ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പൾസർ സുനിയുമായി ശനിയാഴ്ച രഹസ്യ ചർച്ച നടത്തിയിരുന്നു. ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. നടിയുമായി ബന്ധപ്പെട്ട കേസിന് ശനിയാഴ്ച എറണാകുളം സിജെഎം കോടതിയിൽ സുനിയെ കൊണ്ടുവന്നപ്പോൾ ആയിരുന്നു ഈ രഹസ്യ ചർച്ച. ആളൂരിനെ പൾസർ സുനിയുടെ കേസിൽ നിന്ന് ഒഴിവാക്കാനുള്ള ദിലീപിന്റെ നീക്കമാണ് ഇതിനു പിന്നിലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞതിന്റെ യഥാർത്ഥ കാരണം അന്വേഷിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് താരലോകത്തെ പ്രമുഖരും നടനുമായി ബന്ധമുള്ളവരുമായ പലരുടേയും മൊഴികൾ പുറത്തുവന്നിരുന്നു. ഒളിഞ്ഞും തെളിഞ്ഞും നടനുവേണ്ടി വാദിച്ചിരുന്നവരാണ് ഈ സാക്ഷികളിൽ പലരും. ദിലീപിന് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു എന്ന് കൃത്യമായി വെളിവാകുന്ന മൊഴികളാണ് അടുത്ത സഹപ്രവർത്തകരായ പലരും നൽകിയതെന്ന് വ്യക്തമായിരുന്നു. ഈ മൊഴികളെല്ലാം കോടതിയിലും ആവർത്തിക്കപ്പെട്ടാൽ നടന് എതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം പോലീസിന് അനായാസം സ്ഥാപിച്ചെടുക്കാനാകും. ചിലരുടെ മൊഴി മജിസ്ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്തി പൊലീസ് കരുതലോടെയാണ് അന്വേഷണം നടത്തിയത്. കുറ്റപത്രം നൽകിയതു കൊണ്ട് സിബിഐ അന്വേഷണമെന്ന ആവശ്യം ഹൈക്കോടതി ഇനി അംഗീകരിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.