ഐ പി എസുകാരുടെ ദാസ്യപ്പണി; കൂടുതൽ നടപടി ഉണ്ടാകും

ഐ പി എസുകാരുടെ ദാസ്യപ്പണി; കൂടുതൽ നടപടി ഉണ്ടാകും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐപിഎസുകാരുടെ ദാസ്യപ്പണിയിൽ കൂടുതൽ നടപടി. എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാൻഡന്റ് പി.വി.രാജു വീട്ടിൽ ടൈൽസ് പണിക്ക് ക്യാമ്പ് ഫോളോവർമാരെ ഉപയോഗിച്ചിരുന്നു. രാജുവിനെതിരെ ഡിജിപി ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അതേസമയം, ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ പോലീസുകാർക്ക് അടിമപ്പണി ചെയ്യേണ്ടി വരുന്നതായി കണ്ടെത്തിയ സംഭവത്തിൽ പോലീസിലെ 6000 പേരോളം ചെയ്യുന്നത് കാക്കി കുപ്പായമിട്ട് ചെയ്യരുതാത്ത കാര്യങ്ങളാണെന്ന് റിപ്പോർട്ട്. പോലീസ് യൂണിഫോമിൽ പോലീസിന്റേതല്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന ഇത്തരക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും വർഷംതോറും സേനയിൽ ഏഴു പോലീസുകാർ വീതം ആത്മഹത്യ ചെയ്യുന്നതായുമാണ് പറഞ്ഞിരിക്കുന്നത്. മാനസിക പീഡനം സഹിക്കുന്ന പലരും ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ വർഷം അദർഡ്യൂട്ടിയെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർക്കൊപ്പം കറങ്ങി നടക്കുന്നവരുടേയും വീട്ടുജോലി ചെയ്യുന്നവരുടെയും വിവരം അന്വേഷിക്കാൻ മുഖ്യമന്ത്രി ടോമിൻ ജെ തച്ചങ്കരിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അനാവശ്യമായി പോലീസിനെ കൊണ്ടുനടക്കുന്ന 60 ഐപിഎസുകാരുടെ വിവരവും തച്ചങ്കരി ലിസ്റ്റിൽ ഉൾപ്പെടുത്തി. തുടർന്ന് ഈ റിപ്പോർട്ട് അനുസരിച്ച് ചിലരെ പോലീസ് ആസ്ഥാനത്തു നിന്നു പോലും മാറ്റുകയും ചെയ്തിരുന്നു. ഇതിന് പുറമേ രേഖയില്ലാതെ 100 നടുത്ത് ഉദ്യോഗസ്ഥർ അദർ ഡ്യൂട്ടി എന്ന വ്യാജേനെ കറങ്ങി നടക്കുന്നുണ്ടെന്ന മറ്റൊരു റിപ്പോർട്ടും ഉണ്ടായിരുന്നു. എന്നാൽ ഈ രണ്ടു റിപ്പോർട്ടുകളും ആരൊക്കെയോ ചേർന്ന് മുക്കുകയായിരുന്നു. അദർ ഡ്യൂട്ടിയായി ഉന്നതരുടെ വീട്ടുവേല ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതിന്റെ മാനസികാഘാതത്തിൽ ഉന്നത വിദ്യാഭ്യാസമുള്ള ഇവരിൽ പലരും ജോലി മാറുന്നതിനായി പിഎസ് സി ടെസ്റ്റുകൾ ഇപ്പോഴും പരീക്ഷിക്കുന്നുണ്ടെന്നും വിവരമുണ്ട്. ഇടതു സർക്കാരിന്റെ മുൻ ഡിജിപിയെ സഹായിക്കാൻ മാത്രം 15 പോലീസുകാർ ഇപ്പോഴുമുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് അനുവദിച്ചത് 20 പോലീസ് ക്യാമ്പ് ഫോളോവേഴ്സിനെയായിരുന്നെന്നും വിവരമുണ്ട്.