
കൊച്ചി: പള്ളുരുത്തി വെളിക്ക് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് കണ്ടെത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തേവരയിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി ചെറുവിള പുത്തൻവീട്ടിൽ സി.ജെ. ജെൻസൻ (38) ആണ് പിടിയിലായത്. പള്ളുരുത്തി വെളിക്ക് സമീപം താമസിച്ചിരുന്ന അയ്യംവേലിപ്പറമ്പിൽ പരേതനായ കുട്ടന്റെ മകൻ ഷിജോയ് എന്ന കണ്ണൻ (31) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി 10 മണിയോടെ കർമ ലെയ്നിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ജെൻസന്റെ സ്കൂട്ടറിന്റെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് കത്രിക ഉപയോഗിച്ച് വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തർക്കത്തിന് തുടക്കമായതെന്ന് പൊലീസ് അറിയിച്ചു. ഇത് കണ്ട ഷിജോയ് പരിഹസിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ജെൻസൻ കൈവശമുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഷിജോയിയെ കുത്തുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുൻപ് പള്ളുരുത്തി വെളിക്ക് സമീപം അടുത്തടുത്തായി താമസിച്ചിരുന്നവരാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







