
ചെറുവള്ളി: മണിമലയാറ്റിലെ പഴയിടം കോസ്വേയുടെ ഒരുവശത്ത് ജലോപരിതലമാകെ പോള നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട നിലയില്‍.
മണിമലയാറ്റില്‍ കാഞ്ഞിരപ്പള്ളിയുടെ കിഴക്കന്‍മേഖലയില്‍ നിന്നുള്ള മാലിന്യമത്രയും തള്ളുന്നുണ്ട്. കാറ്റില്‍ ഒടിഞ്ഞുവീഴുന്ന മരങ്ങളും ചില്ലകളും ഒഴുകിയെത്തും. മരച്ചില്ലകളും തടികളും പാലത്തിന്റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി നിന്ന് പിന്നീടെത്തുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കളപ്പാടെ അടിയും.
ഇതിന് പുറമേയാണ് പാലത്തിന്റെ കിഴക്കേ വശത്ത് മീറ്ററുകളോളം ദൂരത്തില്‍ പോള നിറഞ്ഞതും. പാലത്തിനടിയില്‍ തങ്ങിനില്ക്കുന്ന മാലിന്യം യഥാസമയം നീക്കാത്തതുമൂലം വന്‍തോതില്‍ മരങ്ങളും മറ്റ് പാഴ് വസ്തുക്കളും നിറയും. പഴയിടം കോസ്വേയുടെ ഇരുകരകളും ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ പരിധിയില്‍ വരും.
ഈ പഞ്ചായത്തുകള്‍ സംയുക്തമായി നടപടി സ്വീകരിച്ചാല്‍ പ്രദേശത്തിന്റെ ദുരിതമൊഴിയും. എന്നാല്‍ ഒരു പഞ്ചായത്തും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാറില്ലെന്ന് പഴയിടം നിവാസികള്‍ പരാതിപ്പെട്ടു.പല വര്‍ഷവും പാലത്തിന്റെ കൈവരി തകരുകയും പുനര്‍നിര്‍മിക്കുകയും ചെയ്തു. ഇപ്പോള്‍ മഴവെള്ളം ഉയരുമ്പോള്‍ ഊരിമാറ്റാവുന്ന കൈവരിയാണ് സ്ഥാപിച്ചിട്ടുള്ളത്. മഴ ശക്തമാകുമ്പോള്‍ കൈവരി നീക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വീതികുറഞ്ഞ പാലത്തില്‍ കൈവരിയില്ലാത്ത അവസരത്തിലുള്ള യാത്ര അപകടകരമാണ്. മിക്കവര്‍ഷവും നാട്ടുകാര്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പാലത്തിനടിയിലെ മാലിന്യം ആറ്റിലേക്കു തള്ളിവിട്ടാണ് താത്ക്കാലിക പരിഹാരമുണ്ടാക്കുന്നത്. എന്നാല്‍ ഇപ്രകാരം മണിമലയാറ്റിലൂടെ വീണ്ടും ഒഴുക്കുന്നത് മറ്റിടങ്ങളിലെ പാലങ്ങളുടെ തൂണുകളില്‍ ഇടിക്കാനും തങ്ങിനില്‍ക്കാനും ഇടയാക്കുന്നുണ്ട്







