video
play-sharp-fill

പാലരുവി എക്പ്രസിന്  സ്റ്റോപ്പ്‌: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്‌ക്കെതിരെ യാത്രക്കാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രതിഷേധം

പാലരുവി എക്പ്രസിന് സ്റ്റോപ്പ്‌: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്‌ക്കെതിരെ യാത്രക്കാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം. തിങ്കളാഴ്ച യാത്രക്കാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സംഗമം രാവിലെ 8 മണിക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ നടക്കും. പ്രതിഷേധ സംഗമം അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി തടത്തിൽ ഉദ്ഘാടനം നിർവ്വഹിക്കും.

വന്ദേ ഭാരതിൻ്റെ വരവും, പുതിയ സമയക്രമവും കോട്ടയം പാതയിൽ വേണാട് ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാരുടെ ആശ്രയമായ തീവണ്ടികൾ പതിവായി വൈകുന്നതും, വിവിധ സ്റ്റോപ്പുകളിൽ പിടിച്ചിട്ട് സമയക്രമീകരണം നടത്തേണ്ടി വരുന്നതായും യാത്രക്കാർ ആരോപിക്കുന്നു..

പ്രധാന ആവശ്യങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

▪️പുലർച്ചെ 06.37 ന് 06444 കൊല്ലം -എറണാകുളം മെമു കടന്നുപോയാൽ 08.37 ന് (പതിവായി വൈകി 09 ന് ശേഷം ) എത്തുന്ന വേണാട് മാത്രമാണ് എറണാകുളം ഭാഗത്തേയ്ക്ക് ജോലി/പഠന ആവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ളവരുടെ ഏക ആശ്രയം. വേണാട് എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും.

യാത്രാക്ലേശം പരിഹരിക്കുന്നതിന് രാവിലെ 07.10 നും രാത്രി 07. 50 നും ഏറ്റുമാനൂർ വഴി കടന്നുപോകുന്ന 16791/92 പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂർ സ്റ്റോപ്പ്‌ അടിയന്തിരമായി പരിഗണിക്കുകയെന്ന ആവശ്യം ഉയർത്തിയാണ് യാത്രക്കാർ സംഘടിക്കുന്നത്.

വന്ദേഭാരത് വന്നപ്പോൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവരാണ്. പുതുക്കിയ സമയക്രമം നടപ്പിലായപ്പോൾ 10 മിനിറ്റ് നേരത്തെ വീടുകളിൽ നിന്ന് ഇറങ്ങി 15- 20 കിലോമീറ്റർ അധികം സഞ്ചരിച്ച് മറ്റു സ്റ്റേഷനുകളിൽ നിന്ന് പാലരുവിയ്ക്ക് യാത്രചെയ്യാൻ എത്തിച്ചേരേണ്ട അവസ്ഥയാണ്.

എന്നാൽ പാലരുവി രാവിലെ മുളന്തുരുത്തിയിൽ 25 മിനിറ്റിൽ കൂടുതൽ ഇപ്പോൾ വന്ദേഭാരത്‌ കടന്നുപോകാൻ പിടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ ഒരു മിനിറ്റ് നിർത്തുന്നതിന് യാതൊരു സാങ്കേതിക തടസ്സവും ഇല്ലെന്ന് മാത്രമല്ല, നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുകയും ചെയ്യും. മടക്കയാത്രയിൽ പാലരുവി കോട്ടയത്ത് അരമണിക്കൂറിലധികം പിടിക്കുന്നുണ്ട്. ആയതിനാൽ പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുന്നതിന് നിലവിൽ റെയിൽവേയ്‌ക്ക് സമയനഷ്ടമില്ല. കൊല്ലം മുതൽ എറണാകുളം ടൗൺ വരെ ഹാൾട്ട് സ്റ്റേഷനുകളിൽ ഒഴികെ പാലരുവിയ്ക്ക് സ്റ്റോപ്പ് ഇല്ലാത്തത് ഏറ്റുമാനൂർ മാത്രമാണ്.

▪️വേണാട് പതിവായി വൈകുന്നതും പുതിയ സമയക്രമം വന്നതിന് ശേഷമാണ്. നിലവിലെ എറണാകുളം പാതയിലെ തിരക്ക് പരിഗണിച്ച് വേണാട് ന് മുൻപ് എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ഒരു മെമു സർവീസ് ആരംഭിക്കുകയെന്നത് കോട്ടയം എറണാകുളം പാതയിലെ എല്ലാവരുടെയും വർഷങ്ങളായുള്ള ആവശ്യമാണ്‌. നിലവിലെ എല്ലാ ട്രെയിനുകളിലും വാതിൽപ്പടിയിൽ വരെ നിന്നാണ് സ്ത്രീകളടക്കം യാത്ര ചെയ്യുന്നത്.ഇരട്ട പാത പൂർത്തിയായതിന്റെയും കോട്ടയം സ്റ്റേഷൻ നവീകരിച്ചതിന്റെയും യാതൊരു ഗുണവും യാത്രക്കാർക്ക് ലഭിച്ചില്ല. സമയലാഭമോ കൂടുതൽ ട്രെയിനുകളോ ദുരിതത്തിന് അറുതിയോ ഉണ്ടായില്ല.

▪️പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിന് പോലും ഏറ്റുമാനൂർ സ്റ്റോപ്പ്‌ ഇല്ല. വഞ്ചിനാട്, മലബാർ എക്സ്പ്രസ്സുകളിൽ കോട്ടയത്ത്‌ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് യാത്രചെയ്യുന്നതിൽ സിംഹഭാഗം യാത്രക്കാരും ഏറ്റുമാനൂർ, പാലാ, പേരൂർ, നീണ്ടൂർ കിടങ്ങൂർ, മാന്നാനം, കുറവിലങ്ങാട് പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചാൽ നിരവധിയാത്രക്കാർക്ക് പ്രയോജനപ്പെടും.

▪️അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ നിലവിൽ അനിശ്ചിതാവസ്ഥയിലാണ്. അമൃത് പദ്ധതി പൂർത്തിയാകുമ്പോൾ ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞ ട്രെയിനുകളുടെ സ്റ്റോപ്പുകളും വികസനപ്രതീക്ഷകളും ഇതോടെ ഇല്ലാതാകും.

▪️പുതുതായി അനുവദിച്ച ഒരു ട്രെയിന് പോലും ഏറ്റുമാനൂർ സ്റ്റോപ്പ്‌ അനുവദിച്ചിട്ടില്ല. ഇരട്ടപാതയുടെ ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ച എറണാകുളം – കായംകുളം മെമുവിന് പോലും ഏറ്റുമാനൂർ സ്റ്റോപ്പ്‌ ലഭിച്ചില്ല

▪️റെയിൽവേയിലെ ഉന്നതാധികാരികൾ സ്റ്റേഷൻ സന്ദർശനവേളയിൽ പ്രഖ്യാപിച്ച റൂഫുകളുടെയും കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും പണിയും കടലാസിൽ ഒതുങ്ങി. മഴക്കാലത്ത് രണ്ടറ്റത്തും മാത്രമുള്ള റൂഫുകളിൽ നിന്ന് ഓടിക്കയറേണ്ട അവസ്ഥയാണ്…

▪️മനയ്ക്കപ്പാടം (അതിരമ്പുഴ റോഡിലെ) ബസ് സ്റ്റോപ്പിനെയും സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട അപ്രോച്ച് റോഡിൽ ഒരു വഴിവിളക്ക് പോലുമില്ല.

▪️ട്രെയിൻ നിർത്തുന്ന 2,3 ഐലൻഡ് പ്ലാറ്റ്ഫോമിലെ ടാപ്പിൽ പണി പൂർത്തിയായി 5 വർഷം കഴിഞ്ഞിട്ടും വെള്ളം എത്തിയിട്ടില്ല.

▪️സ്റ്റേഷൻ ഇന്റെ ഇരുവശത്തുമുള്ള റോഡുകളിൽ സ്റ്റേഷനെ സൂചിപ്പിക്കുന്ന ദിശാബോർഡുകൾ ഇല്ല

▪️ടീസ്റ്റാൾ/കുടിവെള്ളം സ്റ്റാളുകൾ അനുവദിക്കുക

നിരവധി തവണ ഈ ആവശ്യങ്ങൾ ജനപ്രതിനിധികളുടെയും അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയതാണ്.അനുകൂലമായ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് തുടർസമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും സൂചന നൽകിക്കൊണ്ട് തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഏറ്റുമാനൂർ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചതെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, ഷിനു എം എസ്, സേവ് ഏറ്റുമാനൂർ ഫോറം കൺവീനർ ബി. രാജീവ് എന്നിവർ അറിയിച്ചു.