നാഗമ്പടം പാലം പൊളിക്കാനെന്ന പേരിൽ റോഡും റെയിലും കുളമാക്കിയതിന് കമ്പനി കണക്ക് പറയേണ്ടി വരും: എണ്ണിയെണ്ണി കണക്ക് പറയിക്കാൻ ജില്ലാ കളക്ടർ; കളക്ടറുടെ നോട്ടീസിൽ മുട്ടിടിച്ച് തമിഴ്‌നാട്ടിൽ നിന്നള്ള കമ്പനി

നാഗമ്പടം പാലം പൊളിക്കാനെന്ന പേരിൽ റോഡും റെയിലും കുളമാക്കിയതിന് കമ്പനി കണക്ക് പറയേണ്ടി വരും: എണ്ണിയെണ്ണി കണക്ക് പറയിക്കാൻ ജില്ലാ കളക്ടർ; കളക്ടറുടെ നോട്ടീസിൽ മുട്ടിടിച്ച് തമിഴ്‌നാട്ടിൽ നിന്നള്ള കമ്പനി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം പാലം പൊളിക്കാനെന്ന പേരിൽ റെയിൽവേയുടെയും സാധാരണക്കാരുടെയും സമയം മെനക്കെടുത്തുകയും, കാര്യങ്ങൾ മുഴുവൻ കുളമാക്കുകയും ചെയ്ത തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കമ്പനിയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ജില്ലാ കളക്ടർ. സ്‌ഫോടനം നടത്തി പാലത്തിന്റെ ബലക്ഷയം വർധിപ്പിക്കുകയും, ട്രെയിൻ റോഡ് ഗതാഗതം താറുമാറാക്കുകയും ചെയ്ത കമ്പനിയോടും റെയിൽവേ അധികൃതരോടും വിശദീകരണം തേടി ജില്ലാ കളക്ടർ നോട്ടീസ് അയച്ചു. ഞായറാഴ്ച രാവിലെ തന്നെ നോട്ടീസിന് മറുപടി നൽകണമെന്നാണ് ജില്ലാ കളക്ടർ കമ്പനി അധികൃതർക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ച മുറയ്ക്ക് കമ്പനി ഫോണിൽ കളക്ടറെ ബന്ധപ്പെട്ട് വിശദീകരണം നൽകിയെങ്കിലും ഇത് എത്രത്തോളം സ്വീകാര്യമാണെന്നതാണ് കമ്പനിയെ കുടുക്കുന്നത്. ഈ മറുപടി ജില്ലാ കളക്ടർ സ്വീകരിച്ചില്ലെങ്കിൽ റെയിൽവേയുടെയും റോഡ് ഗതാഗതവും താറുമാറാക്കിയതിന് കമ്പനിയ്‌ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനും കളക്ടർക്ക് അധികാരമുണ്ട്.
ശനിയാഴ്ച രാവിലെ മുതൽ കമ്പനി സ്വീകരിച്ച നടപടികളാണ് ജില്ലാ കളക്ടറെ ചൊടിപ്പിച്ചതെന്നാണ് സൂചന. രാവിലെ 9.30 മുതൽ തന്നെ റെയിൽവേ റോഡ് ഗതാഗതം മുഴുവൻ ഈ കമ്പനിയ്ക്കു വേണ്ടി പൊലീസ് മുടക്കിയിരുന്നു. പല വാഹനങ്ങളും വഴി തിരിച്ച് വിട്ടതോടെ ജില്ലയിലെ റോഡ് ഗതാഗതം ഏതാണ്ട് പൂർണമായും താറുമാറായ സ്ഥിതിയായി. കമ്പനിയുടെ വാക്ക് വിശ്വസിച്ച് റെയിൽവേ ട്രെയിൻ ഗതാഗതവും തിരിച്ച് വിട്ടതോടെ കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർ നന്നേ വലഞ്ഞു. ഇത് തിരിച്ചറിഞ്ഞുള്ള പ്രവർത്തനമാണ് കളക്ടർ ഇന്നലെ നടത്തിയതെന്നാണ് സൂചന.
നാഗമ്പടം പാലത്തിന്റെ ഇരുവശങ്ങളിലും സ്‌ഫോടനം നടത്തി പാലത്തിന് ബലക്ഷയം ഉണ്ടാക്കിയിരിക്കുകയാണ് കമ്പനി. ഈ ബലക്ഷയം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ട്രെയിൻ പാലത്തിന് അടിയിലൂടെ കടന്നു പോകുന്നത്. ട്രെയിനിന്റെ വേഗവും കുലുക്കവും പാലത്തെ വീണ്ടും ദുർബലപ്പെടുത്തുമെന്നാണ് നാട്ടുകാരുടെ ഭയം. തേർഡ് ഐ ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങൾ ഇതു റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെട്ടത്. പാലത്തിന്റെ അടിയിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തണമെന്ന കർശന നിർദേശം ജില്ലാ കളക്ടർ റെയിൽവേ അധികൃതർക്ക് നൽകിയിട്ടുണ്ട്. ഇത് അപകടം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള സുരക്ഷാ മുൻ കരുതലാണ്. ഈ സാഹചര്യത്തിൽ ഏതെങ്കിലും രീതിയിലുള്ള അപകടം ഇനി പാലം കൊണ്ട് ഉണ്ടായാൽ ഉത്തരവാദിത്വം പറയേണ്ടി വരിക തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കമ്പനി തന്നെയാവും.