
ഇന്ത്യൻ നടപടികൾ പാകിസ്ഥാനിൽ പണി തുടങ്ങി: ഓഹരി വിപണി തകർന്നടിഞ്ഞു: തൊട്ടുപിന്നാലെ പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി.
ഡൽഹി: പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ കൈക്കൊണ്ട നടപടികള്‍ക്ക് പിന്നാലെ തകര്‍ന്നടിഞ്ഞ് പാക്ക് ഓഹരി വിപണി.
പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 2,400 പോയിന്‍റിലധികം ഇടിഞ്ഞു. വ്യാപാരം ആരംഭിച്ച് ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ കെഎസ്‌ഇ-100 സൂചിക 2.12 ശതമാനം അഥവാ 2,485.85 പോയിന്‍റ് ഇടിഞ്ഞ് 114,740.29 ലെത്തി. ഇന്നലെ 1300 പോയിന്‍റിലധികം താഴ്ന്നതിന് പിന്നാലെയാണ് ഇന്നത്തെ തകര്‍ച്ച.
തൊട്ടുപിന്നാലെ പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. സൈറ്റ് സന്ദര്‍ശിച്ച സന്ദര്‍ശകരെ സ്വാഗതം ചെയ്തത്, ‘ഞങ്ങള്‍ ഉടന്‍ തിരിച്ചെത്തും. പിഎസ്‌എക്സ് വെബ്സൈറ്റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അറ്റകുറ്റപ്പണിയിലാണ്’ എന്ന സന്ദേശമാണ്.
പാക്കിസ്ഥാനിലെ സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍റെ കറന്‍സി ദുര്‍ബലമാകല്‍, രാഷ്ട്രീയ അനിശ്ചിതത്വം, പ്രത്യേകിച്ച് കശ്മീരിലെ സുരക്ഷാ അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഫിച്ച് അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാക്ക് ഓഹരി വിപണിയെ ബാധിച്ചത് ഇന്ത്യയുടെ തന്ത്രപരമായ നടപടികള്‍
സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനവും അട്ടാരി-വാഗ അതിര്‍ത്തി അടയ്ക്കലും പാക്ക് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കൂടാതെ ഇന്ത്യാ – പാക്ക് സംഘര്‍ഷം നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന നിക്ഷേപകരുടെ ഭയവുമാണ് പാക്ക് ഓഹരി വിപണിയെ തകര്‍ച്ചയിലേക്ക് നയിച്ചത്.
നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണെന്നും ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ വിലയിരുത്തുകയാണെന്നും പാക്കിസ്ഥാന്‍ മാധ്യമങ്ങളോട് നിക്ഷേപകര്‍ പ്രതികരിച്ചു. നേരത്തെ, അന്താരാഷ്ട്ര നാണയ നിധി പാക്കിസ്ഥാന്‍റെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 2.6 ശതമാനമായി കുറച്ചിരുന്നു. ഇത് അവരുടെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ആശങ്ക പടരാന്‍ കാരണമായി. ഐഎംഎഫ് ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ അനുമാനം 2.6 ശതമാനമായും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ പ്രവചനം 3.6 ശതമാനമായും ആണ് കുറച്ചത്.