video
play-sharp-fill

പാകിസ്താനില്‍നിന്ന്  പൈപ്പിലൂടെ ലഹരിമരുന്നെത്തുന്നത് പഞ്ചാബിലേക്ക്; പിടികൂടിയത് 200 കോടി രൂപ വിലവരുന്ന 40.8 കിലോ ഹെറോയിന്‍; അതിർത്തി ഗ്രാമങ്ങളിൽ ഒപ്പിയം വിപണിയും സജീവം

പാകിസ്താനില്‍നിന്ന് പൈപ്പിലൂടെ ലഹരിമരുന്നെത്തുന്നത് പഞ്ചാബിലേക്ക്; പിടികൂടിയത് 200 കോടി രൂപ വിലവരുന്ന 40.8 കിലോ ഹെറോയിന്‍; അതിർത്തി ഗ്രാമങ്ങളിൽ ഒപ്പിയം വിപണിയും സജീവം

Spread the love

 

സ്വന്തം ലേഖകൻ

ലുധിയാന: പാകിസ്താനില്‍നിന്ന് പൈപ്പിലൂടെ ലഹരിമരുന്നെത്തുന്നത് പഞ്ചാബിലേക്ക്. പഞ്ചാബിൽ പാക് അതിർത്തിമേഖലയിൽനിന്ന് 40.8 കിലോ ഹെറോയിനാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

ഹെറോയിന് പുറമേ 180 ഗ്രാം ഒപ്പിയവും ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്താൻ നിർമിത പിവിസി പൈപ്പുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 39 പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. പാകിസ്താനിൽനിന്ന് അതിർത്തിയിലെ കമ്പിവേലിക്കിടയിലൂടെ പി.വി.സി. പൈപ്പിനുള്ളിലാക്കിയാണ് ഇവ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച രണ്ട് പൈപ്പുകളും പൊലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുദാസ്പുർ ജില്ലയിലെ ദേരാബാബ നാനാക് മേഖലയിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്രവിപണിയിൽ 200 കോടി രൂപ വിലവരും.

കുപ്രസിദ്ധ ലഹരിമരുന്ന് വിതരണക്കാരനായ നിർമൽ സിങ് എന്ന സോനു മായേർ പാകിസ്താനിൽനിന്ന് ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതായി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. പൊലീസ് സംഘം ഈ വിവരം ബി.എസ്.എഫിനെ അറിയിച്ചു. പുലർച്ചെ 2.30-ഓടെ അതിർത്തിയോട് ചേർന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ചിലരെ കണ്ടപ്പോൾ ബി.എസ്.എഫ്. വെടിയുതിർത്തതോടെ ഇവർ പ്രദേശത്തുനിന്ന് പിൻവാങ്ങി. പിന്നാലെ പൊലീസ് സംഘവും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് നിർമൽ സിങ്ങിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 2020-ൽ ഹെറോയിൻ പിടിച്ചെടുത്ത കേസിൽ പൊലീസ് തിരയുന്ന പ്രതിയാണ് ഇയാൾ. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് എസ്.എസ്.പി. ഖുരാന മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ ബി.എസ്.എഫും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കടത്ത് പിടികൂടിയത്.