പാക്കിൽ ക്ഷേത്രത്തിന്റെ സമീപത്തെ ആറാട്ടുകുളത്തിനു സമീപത്തേയ്ക്കു കാർ മറിഞ്ഞു: തോട്ടിലേയ്ക്കു മറിഞ്ഞ കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാക്കിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപത്തെ തോട്ടിലേയ്ക്കു കാർ മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു. പാക്കിൽ സ്വദേശികളായ ബൈജു (30), അരവിന്ദ് (24) എന്നിവരാണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപെട്ടു.

പാക്കിൽ ക്ഷേത്രത്തിന്റെ ഭാഗത്ത് ഇല്ലിമൂട്ടിൽ വളവിലായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന കാർ ഈ ഭാഗത്ത് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി സമീപത്തെ കുളത്തിലേയ്ക്കു മറിയുകയായിരുന്നു.

ഇരുവരും പാക്കിൽ ഭാഗത്തു നിന്നും വീട്ടിലേയ്ക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇരുവരെയും കാറിനുള്ളിൽ നിന്നും പുറത്തെടുത്തു. കാറിനു വേഗമില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. ക്രെയിൻ ഉപയോഗിച്ച് കാർ തോട്ടിൽ നിന്നും കരയ്ക്കു കയറ്റി.