
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാര്‍ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ തള്ളി മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച ദിവസം തന്നെയും അന്നത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്തിനെയും ബോധപൂര്‍വ്വം സന്നിധാനത്തുനിന്ന് മാറ്റിനിര്‍ത്തിയെന്ന പത്മകുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പത്മകുമാറിനെ സന്നിധാനത്തുനിന്നും മാറ്റിനിര്‍ത്തേണ്ട യാതൊരു ആവശ്യവും മുഖ്യമന്ത്രിയുടെ ഓഫീസിന് ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. പത്മകുമാറിന്റെ ആത്മകഥയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഈ കാലത്ത് ആത്മകഥ എഴുതുന്നത് ഒരു പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം അത് എഴുതട്ടെയെന്നും അതിലൊന്നും ഒരു തടസ്സവുമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയില്‍ യുവതികള്‍ എത്തിയ വിവരം താന്‍ ടിവിയിലൂടെയാണ് അറിഞ്ഞതെന്നും, അന്നേദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താന്‍ പാര്‍ട്ടിയിലും അന്നത്തെ ഭരണനേതൃത്വത്തിലും വലിയ സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് പത്മകുമാര്‍ തന്റെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കി അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയത്. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഈ ഉന്നത വ്യക്തിയെ കാണാന്‍ തനിക്ക് അനുമതി നല്‍കിയില്ലെന്നും പത്മകുമാര്‍ ആരോപിച്ചിരുന്നു. കൂടാതെ, ദേവസ്വം രേഖകളില്‍ ‘ചെമ്പ്’ എന്ന് എഴുതിയത് മറ്റാരോ ആണെന്നും അതില്‍ ഒപ്പിടാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു എന്നും പത്മകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്മകുമാറിനെതിരെ കടുത്ത അച്ചടക്കനടപടി സ്വീകരിക്കാനിരിക്കെയാണ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ഈ നീക്കങ്ങള്‍. വിഷയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിട്ടുണ്ട്. പത്മകുമാറിനെ ആരും ശബരിമലയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ലെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പാര്‍ട്ടി നടപടി നേരിടുന്ന ഒരാള്‍ക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നവംബര്‍ 20-നാണ് എ. പത്മകുമാര്‍ അറസ്റ്റിലാവുന്നത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണം കവര്‍ന്ന കേസിലും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ശബരിമലയില്‍ നിന്നും സ്വര്‍ണ്ണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും, കൃത്യവിലോപത്തിലൂടെയും കൂട്ടുനിന്നതിലൂടെയും കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് അന്വേഷണസംഘം പത്മകുമാറിനെതിരെ കണ്ടെത്തിയത്.
പാര്‍ട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കിയിട്ടും പത്മകുമാറിനെ പുറത്താക്കാത്തതില്‍ അണികള്‍ക്കിടയില്‍ വലിയ അമര്‍ഷം നിലനിന്നിരുന്ന സാഹചര്യത്തിലാണ് നടപടി പ്രഖ്യാപിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയത്.







