പച്ചക്കറി വണ്ടിയിൽ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കടത്ത്: തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ പിടിയിൽ; പ്രതികളിൽ നിന്നും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു

പച്ചക്കറി വണ്ടിയിൽ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കടത്ത്: തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ പിടിയിൽ; പ്രതികളിൽ നിന്നും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു

Spread the love

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വണ്ടിയിൽ ജില്ലയിലേയ്ക്കു കടത്തിക്കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. തേനി ഗൂഡല്ലൂർ രാജീവ് നഗർ സ്വദേശി മുരളി(33), ഗൂഡല്ലൂർ ആങ്കൂർ പാളയം സ്വദേശി അവിൻകുമാർ (26) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മുണ്ടക്കയം പൊലീസും ചേർന്നു പിടികൂടിയത്.

ലോക്ക് ഡൗൺ സമയത്ത് കഞ്ചാവ് ജില്ലയിലേയ്ക്കു എത്തുന്നതിനു കുറവുണ്ടായിരുന്നു. എന്നാൽ, ലോക്ക് ഡൗണിനു ശേഷം അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കുറഞ്ഞതോടെ ജില്ലയിലേയ്ക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് വർദ്ധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വാഹനങ്ങളിൽ വൻ തോതിൽ കഞ്ചാവ് ജില്ലയിലേയ്ക്കു എത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സേനാംഗങ്ങൾ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തി വരികയായിരുന്നു.

ജില്ലാ അതിർത്തിയായ മുണ്ടക്കയത്ത് പച്ചക്കറി ലോറികൾ അസമയങ്ങളിൽ നിർത്തിയിടുകയും, അസ്വാഭാവികമായ സാഹചര്യത്തിൽ ആളുകൾ ഇവിടെ എത്തുന്നതായും ലഹരി വിരുദ്ധ സ്‌ക്വാഡിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു, വെള്ളിയാഴ്ച പുലർച്ചെ മുതൽ തന്നെ ലഹരി വിരുദ്ധ സേനാംഗങ്ങൾ മുണ്ടക്കയത്ത് രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു.

പച്ചക്കറി ലോറിയിൽ ഡ്രൈവറുടെ ക്യാബിനിൽ രഹസ്യ അറയുണ്ടാക്കിയ ശേഷം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് കടത്തിന്റെ ഇടനിലക്കാരെയും കൈമാറ്റക്കാരെയും കുറിച്ചു പൊലീസിനു രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ വരും ദിവസങ്ങളിൽ പിടികൂടിയേക്കുമെന്നു സൂചന ലഭിച്ചിട്ടുണ്ട്.

അഞ്ചു മാസം മുൻപ് മുണ്ടക്കയം പാലത്തിനു സമീപത്തു വച്ചു പച്ചക്കറി വണ്ടിയിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നിർദേശാനുസരണം മുണ്ടക്കയം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷിബുകുമാർ, എ.എസ്.ഐ മാത്യു പി.ജോൺ, എ.എസ്.ഐ രാജേഷ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളായ തോംസൺ കെ.മാത്യു, ശ്രീജിത്ത് ബി.നായർ, അജയകുമാർ കെ.ആർ, അരുൺ.എസ്, സൈബർ സെൽ ഉദ്യോഗസ്ഥരായ സതീഷ്, കിരൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.