ബൈക്ക് നിയന്ത്രണം വിട്ട് കുളത്തിലേക്ക് തെറിച്ചുവീണ യാത്രക്കാരന് തുണയായത് തെരുവുനായ ; മിണ്ടാപ്രാണിയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത് കോട്ടയം വെച്ചൂർ സ്വദേശിയ്ക്ക്

സ്വന്തം ലേഖകൻ

മണ്ണഞ്ചേരി: യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് കുളത്തിൽ തെറിച്ചുവീണ യാത്രക്കാരന് തുണയായത് കുട്ടപ്പൻ എന്ന തെരുവുനായ. മിണ്ടാപ്രാണിയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത് കോട്ടയം വെച്ചൂർ സ്വദേശിയ്ക്കാണ്.

ആലപ്പുഴയിലെ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനായ ജോൺ വ്യാഴാഴ്ച പുലർച്ച ആലപ്പുഴയിൽനിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം നടന്നത്. കാവുങ്കൽ തെക്കേ കവലക്ക് തെക്കുവശം ബൈക്ക് നിയന്ത്രണം വിട്ട് പരിസരത്തെ കെട്ടിടങ്ങളിൽ തട്ടിയശേഷം കുളത്തിലേക്ക് മറിയുകയായിരുന്നു.

പുലർച്ചയായതിനാൽ ആരും അറിയാതെ പോകുമായിരുന്നു ഈ അപകടം. എന്നാൽ അപകടം കണ്ടതോടെ സമീപത്തെ കെട്ടിടത്തിനടുത്ത് കിടന്നിരുന്ന ‘കുട്ടപ്പൻ’ നിർത്താതെ കുരച്ചതോടെയാണ് യാത്രക്കാരുടെ ശ്രദ്ധിച്ചത്.
പുലർച്ച നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേൽവെളി ശ്യാംകുമാർ എന്നിവർ ദീർഘനേരം ശ്രമിച്ചാണ് ജോണിനെ കുളത്തിൽനിന്ന് കരയിലെത്തിച്ച് െതാട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തലക്കും ശരീര ഭാഗങ്ങളിലും പരിക്കേറ്റ ഇദ്ദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാളുകൾക്ക് മുൻപാണ് പ്രദേശത്ത് എത്തിയ നായയെ നാട്ടുകാർ സ്‌നേഹപൂർവം കുട്ടപ്പൻ എന്നാണ് വിളിക്കുന്നത്.