
ബെംഗളൂരു: കർണാടകയിലെ മൈസൂരുവിൽ വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ് അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി.
ടി. നരസിപുര താലൂക്കിലെ ഹാലേകെമ്പയ്യനഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ശിവണ്ണ (50), ഭാര്യ നാഗരത്‌ന (45), മകൾ രക്ഷിത (21) എന്നിവരാണ് വീടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതയുടെ വിവാഹം തൊട്ടടുത്ത ദിവസം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം.
ഇതേ ഗ്രാമത്തിലെ താമസക്കാരനായ ഉല്ലാസ് ഗൗഡ എന്ന യുവാവ് രക്ഷിതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ രക്ഷിതയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചതോടെ, പ്രതി യുവതിയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്താൻ തുടങ്ങി. വിവാഹം മുടക്കുകയെന്ന ലക്ഷ്യത്തോടെ പെൺകുട്ടിയുടെ പ്രതിശ്രുത വരന് ഇയാൾ മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. ഇതേത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന കുടുംബം ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്തുനിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങളുടെ മരണത്തിന് കാരണം ഉല്ലാസ് ഗൗഡയാണെന്ന് കത്തിൽ വ്യക്തമാക്കിയതായാണ് വിവരം. കത്തിന്റെ പൂർണമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പൊലീസ് സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്തു. ആത്മഹത്യാക്കുറിപ്പും മറ്റ് ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.







