
ഒരു വില്ലേജ് ഓഫീസിൽ എന്തൊക്കെയുണ്ടാകും? ഫയലുകളുടെ കൂമ്പാരത്തിനിടയിൽ പാമ്പു വരെയുണ്ടായേക്കാം,എന്നാൽ തോക്കുണ്ടാകുമോ?
സ്വന്തം ലേഖകൻ
ഒരു വില്ലേജ് ഓഫീസിൽ എന്തൊക്കെയുണ്ടാകും., ഫയലുകളുടെ കൂമ്പാരത്തിനൊപ്പം ചിലപ്പോൾ പാമ്പു വരെ ഉണ്ടായേക്കാമെന്ന് പറയാം. എന്നാൽ ‘തോക്കു’ണ്ടെങ്കിലോ. അതിശയിക്കേണ്ട സ്വന്തമായി തോക്കുള്ള ഒരു വില്ലേജ് ഓഫീസ് നമ്മുടെ സംസ്ഥാനത്തുണ്ട്.ഇടുക്കി ജില്ലയിലെ വണ്ടൻമേട് വില്ലേജ് ഓഫീസിനാണ് ഈ ബഹുമതി. തോക്കുണ്ടെന്ന് കരുതി ജീവനക്കാർക്ക് ആർക്കും അതെടുത്ത് ഉപയോഗിക്കാമെന്നാണെങ്കിൽ അത് നടക്കില്ല. വില്ലേജ് ഓഫീസർക്ക് മാത്രമാണ് തോക്കെടുക്കാനും ചൂണ്ടാനും ഉപയോഗിക്കാനും അനുവാദം.രാജഭരണകാലത്താണ് ഈ വില്ലേജ് ഓഫീസിന് തോക്ക് ലഭിച്ചത്. പിരിച്ചെടുത്ത നികുതിപ്പണം തട്ടിയെടുക്കാൻ കൊള്ളക്കാർ വന്നാൽ വെടിവച്ച് ഓടിക്കാനാണ് വണ്ടന്മേട്, ഉടുമ്പൻചോല, പൂപ്പാറ പകുതി വില്ലേജുകൾക്ക് 1932ൽ തിരുവിതാംകൂർ രാജഭരണകാലത്ത് തോക്ക് അനുവദിച്ചത്. ഏലം വ്യാപാരത്തിലൂടെ ഏറ്റവുമധികം നികുതി വരുമാനമുണ്ടാക്കിയത് ഈ വില്ലേജുകളായിരുന്നു. കരമായി ലഭിച്ചിരുന്ന പണവും മറ്റും തലയിൽ ചുമന്നാണ് ദേവികുളത്തെ ട്രഷറിയിൽ എത്തിച്ചിരുന്നത്. കൊടുംകാട്ടിലൂടെ പണവുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം അന്ന് ട്രഷറിയിലെത്താൻ. നികുതിപ്പണം ചുമക്കുന്ന ചുമട്ടുകാരുടെ കൂടെ ദേവികുളം വരെയുള്ള സവാരിക്കായി രണ്ടു കുതിരകളെയും നൽകിയിരുന്നു.സ്വാതന്ത്ര്യം നേടിയതിന് ശേഷം പുതിയസർക്കാർ വന്നപ്പോൾ പൂപ്പാറ പകുതിയിലെയും ഉടുമ്പൻചോലയിലെയും തോക്കുകൾ തിരിച്ചുകൊടുത്തു.എന്നാൽ, വണ്ടൻമേട്ടിലെ വില്ലേജ് ഓഫിസർമാർ ലൈസൻസ് കാലാകാലങ്ങളിൽ പുതുക്കി തോക്ക് ഓഫിസിൽ തന്നെ സൂക്ഷിക്കുകയാണ്.