play-sharp-fill
മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന കേസ്; വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി; ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്ന് അധികൃതർ

മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന കേസ്; വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി; ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്ന് അധികൃതർ

സ്വന്തം ലേഖകൻ

കൊച്ചി: വാഹന അപകടത്തിൽപ്പെട്ട എബിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവദാനം ചെയ്ത കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി. ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. രോഗി ആശുപത്രിയിൽ എത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു.


കൃഷ്ണ മണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും അടഞ്ഞതോടെ ആണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നുമാണ് ഡോ. എച്ച് രമേഷ് വിശദീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം സ്വദേശി ഡോക്ടർ ഗണപതി നൽകിയ ഹർജിയിലാണ് ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയുടെ വസ്തുതകൾ പരിശോധിക്കാനാണ് നിർദേശം. അതേസമയം അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നൽകിയെന്നും ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ആശുപത്രി വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കും. ’14 വർഷം മുൻപ് നടന്ന സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ല’- ആശുപത്രി മീഡിയ മാനേജർ ലക്ഷ്മി പറഞ്ഞു.

വാഹന അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഉടുമ്പൻചോല സ്വദേശി എബിന് ചികിത്സ നൽകിയതിലും എബിൻ്റെ അവയവദാനം നടത്തിയതിലും അപാകത കണ്ടെത്തിയാണ് കൊച്ചി ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കും എതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തത്.

എബിൻ്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽ ഗുരുതരാവസ്ഥയില്‍ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുക ആയിരുന്നു.