
എറണാകുളം: കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറില്‍നിന്ന് ഓണ്‍ലൈൻ ഓഹരി ഇടപാടിന്റെ പേരില്‍ 67 ലക്ഷം തട്ടിയ സംഭവത്തില്‍ രണ്ടുപ്രതികളെ പനങ്ങാട് പൊലീസ് പിടികൂടി.
കണ്ണൂർ കൂത്തുപറമ്പ് ബല്‍ക്കിസ് മൻസിലില്‍ സി കെ അബ്ദുല്‍ റഹിമാൻ (35), കൂത്തുപറമ്പ് മവ്വേരി യാഫ മൻസിലില്‍ അർഷാദ് (38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച് വന്നിരുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ എഐ വീഡിയോ വഴി ബന്ധപെട്ട് ഓണ്‍ലൈൻ ഓഹരി ഇടപാടിന്റെ പേരില്‍ 67 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി മൂന്നുമാസം കൊണ്ട് തിരികെ ലഭിക്കുമെന്ന പരസ്യം ഫേസ്ബൂക്കിലൂടെ കണ്ട് ലിങ്കില്‍ പ്രവേശിച്ചപ്പോള്‍ ‘ക്ലൈന്റ് 9 പ്രോ’ എന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ എത്തുകയും അവർ നല്‍കിയ മറ്റൊരു ലിങ്ക് വഴി ട്രേഡിങിന് വേണ്ട പണം അയച്ചു കൊടുക്കുകയുമാണ് ഡോക്ടർ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ തട്ടിപ്പുസംഘം പറഞ്ഞതനുസരിച്ച് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഡിജിറ്റ് കോം ഐ ടി സൊല്യൂഷൻസ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കും പണമയച്ചു. ഈ കമ്പനിയുടെ ഉടമകളെയാണ് പനങ്ങാട് പൊലീസ് പിടിക്കൂടിയത്.
ഈ വർഷം ജനുവരിമുതല്‍ ഡോക്ടറുടെ പല അക്കൗണ്ടുകളില്‍ നിന്നായി 67 ലക്ഷം രൂപയോളമാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നല്‍കിയ പണമോ തിരികെ ലഭിച്ചില്ല. തുടർന്ന് മാർച്ചില്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ കേരളത്തിനകത്തും കൂടാതെ കർണാടക, മിസോറാം എന്നിവിടങ്ങളിലും സമാനമായ ഓണ്‍ലൈൻ തട്ടിപ്പുകേസുകളുണ്ടെന്ന് പനങ്ങാട് പൊലീസ് സ്റ്റേഷൻ ചാർജുള്ള മരട് ഇൻസ്‌പെക്ടർ അബ്ദുല്‍ മനാഫ് പറഞ്ഞു.
ഈ കേസില്‍ ഉള്‍പ്പെട്ട മൂന്ന് ഉത്തരേന്ത്യൻ സ്വദേശികള്‍ നിലവില്‍ ഹരിയാന, തീഹാർ ജയിലുകളിലാണ്. എസ്‌ഐ മുഹമ്മദ് മുബാറക്, എസ്‌ഐ ഓസ്റ്റിൻ, അരുണ്‍രാജ്, എം ശ്രീജിത്ത്, ക്രിസ്റ്റഫർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.







