
കറുപ്പിന് പകരം പിങ്ക് നിറത്തിലുള്ള സ്മാര്‍ട്ട് വാച്ച് ; ഓണ്‍ലൈന്‍ വ്യാപാരി മുപ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
സ്വന്തം ലേഖകൻ
കൊച്ചി: വില്പന വര്‍ധിപ്പിക്കുന്നതിനും, അമിത ലാഭത്തിനും വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉപഭോക്താവിനെ കബളിപ്പിച്ച ഓണ്‍ലൈന്‍ വ്യാപാരി മുപ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
എറണാകുളം, തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ്, ബാഗ്ലൂരിലെ സംഗീത മൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ബന്ധുവിന്റെ വിവാഹ ചടങ്ങിന് അണിയാന്‍ കറുത്ത സ്മാര്‍ട്ട് വാച്ച് ആണ് ഓണ്‍ലൈനില്‍ പരാതിക്കാരന്‍ ഓര്‍ഡര്‍ ചെയ്തത്. 3999/ രൂപ ഗൂഗിള്‍ പേ വഴി നല്‍കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിര്‍കക്ഷി വാഗ്ദാനം ചെയ്ത പ്രകാരം കൊറിയറില്‍ വാച്ച് ലഭിച്ചു, എന്നാല്‍ ബോക്‌സ് തുറന്നപ്പോള്‍ കറുത്ത വാച്ചിന് പകരം പിങ്ക് നിറത്തിലുള്ള സ്മാര്‍ട്ട് വാച്ചാണ് ഉപഭോക്താവിന് ലഭിച്ചത്. ബോക്‌സ് തുറക്കുന്നതിന്റെ വീഡിയോ സഹിതം എതിര്‍കക്ഷിക്ക് പരാതി നല്‍കി . പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല.തുടര്‍ന്ന് എതിര്‍കക്ഷിയുടെ ഇന്‍സ്റ്റഗ്രാം പേജ് വഴി പരാതി പറഞ്ഞപ്പോള്‍ 24 മണിക്കൂറിനകം പരാതി പരിഹരിക്കാം എന്ന് മറുപടി ലഭിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഈ സാഹചര്യത്തില്‍, നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
ബന്ധുവിന്റെ വളരെ പ്രധാനപ്പെട്ട വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി പ്രത്യേക നിറമുള്ള വാച്ച് അണിയാന്‍ ഉപഭോക്താവ് തീരുമാനിക്കുകയും അതനുസരിച്ച് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. എതിര്‍കക്ഷിയുടെ വാഗ്ദാന ലംഘനം മൂലം പരാതിക്കാരന്‍ ഏറെ നിരാശനാവുകയും ചെയ്തു. കൂടാതെ, അശ്രദ്ധയും കബളിപ്പിക്കല്‍ മൂലവും പരാതിക്കാരന് ഏറെ മന: ക്ലേശവും ബുദ്ധിമുട്ടുകളും ഉണ്ടാക്കിയ എതിര്‍കക്ഷി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഡി.ബി ബിനു അധ്യക്ഷനും മെമ്ബര്‍മാരായ വി. രാമചന്ദ്രന്‍ , ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി.
ഇരുപതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കോടതി എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി. പരാതിക്കാരനു വേണ്ടി അഡ്വ. മിഷേല്‍ എം.ദാസന്‍ ഹാജരായി.