play-sharp-fill
ഒറ്റയടിയ്ക്ക് ഒരു കോടി നൽകി: കൊലക്കയറിൽ നിന്നും മലയാളി യുവാവിനെ രക്ഷിച്ചത് യൂസഫലി: രണ്ടാം ജന്മം ലഭിച്ചത് തൃശൂർ സ്വദേശിക്ക്

ഒറ്റയടിയ്ക്ക് ഒരു കോടി നൽകി: കൊലക്കയറിൽ നിന്നും മലയാളി യുവാവിനെ രക്ഷിച്ചത് യൂസഫലി: രണ്ടാം ജന്മം ലഭിച്ചത് തൃശൂർ സ്വദേശിക്ക്

തേർഡ് ഐ ബ്യൂറോ

ദുബായ്: മരണത്തിൻ്റെ കൊലയാളി പിടുത്തത്തിൽ നിന്നും ആ യുവാവിനെ രക്ഷിക്കാൻ യൂസഫലിയുടെ ചെറു കൈ സഹായം മതിയായിരുന്നു. തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ (45) ജീവനാണ് യൂസഫലിയുടെ ഇടപെടലിൽ തിരികെ ലഭിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച്‌ താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന് (45) വധശിക്ഷ വിധിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്.

2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്.

ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.

സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.

അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ഥിച്ചത്.

കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്.

ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പു നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്.

നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബെക്സ് കൃഷ്ണന്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു..