
കൊല്ലം: വയോധികയായ വീട്ടമ്മയെ വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പുനലൂര്‍ കരവാളൂര്‍ തിരുവഴിമുക്ക് സ്വദേശിയായ സരള (70) യെ ആണ് വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടമ്മയെ ഞായറാഴ്ച മുതല്‍ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലയനാട്ടുളള മൂത്ത മകളുടെ വീട്ടില്‍ നിന്നും കരവാളൂരില്‍ എത്തിയ സരളയെ ഞായറാഴ്ച 11 മണിയോടു കൂടി കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. തിരച്ചിലിനിടയില്‍ വീടിന് തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ ആള്‍മറയില്ലാത്ത കിണറ്റില്‍ സരളയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു.
പുനലൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. 20 അടിയോളം താഴ്ച്ചയുള്ള തറപറ്റി കിടന്ന കിണര്‍ മുമ്പ് സരള തന്നെയാണ് ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മൂടിയിരുന്നത്. അതേ കിണറ്റില്‍ തന്നെയാണ് സരളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാല്‍ വഴുതി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കരവാളൂരിലെ വീട്ടു വളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.







