പൊലീസ് ചോദ്യം ചെയ്ത ദമ്പതിമാർ സൈനയിഡ് കഴിച്ചു മരിച്ച നിലയിൽ: പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ – ബിജെപി ഉപരോധം;  ചങ്ങനാശേരി താലൂക്കിൽ വ്യാഴാഴ്ച യുഡിഎഫ് , ബിജെപി ഹർത്താൽ

പൊലീസ് ചോദ്യം ചെയ്ത ദമ്പതിമാർ സൈനയിഡ് കഴിച്ചു മരിച്ച നിലയിൽ: പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ – ബിജെപി ഉപരോധം;  ചങ്ങനാശേരി താലൂക്കിൽ വ്യാഴാഴ്ച യുഡിഎഫ് , ബിജെപി ഹർത്താൽ

സ്വന്തം ലേഖകൻ
ചങ്ങനാശേരി: വാകത്താനം പാണ്ടൻചിറയിൽ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്തു. സംഭവത്തിൽ പൊലീസ് വീഴ്ചയാണെന്ന് ആരോപിച്ച് വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താൽ ആചരിക്കാൻ യുഡിഎഫും ബിജെപിയും തീരുമാനിച്ചു. ഇതിനിടെ  പ്രശ്നത്തിൽ  ആരോപണ വിധേയനായ ചങ്ങനാശേരി എസ് ഐ ഷമീർഖാനെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി.
ബുധനാഴ്ച വൈകിട്ട് 3.30 ഓടെയാണ് വാകത്താനം പാണ്ടൻചിറയിൽ വാകയ്ക്കു താമസിക്കുന്ന സുനിൽ രേഷ്മ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ ഇരുവരെയും അവശ നിലയിൽ കണ്ടെത്തിയതോടെ പൊലീസ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.
ആഭരണ നിർമ്മാണ തൊഴിലാളിയായ സുനിൽ ചങ്ങനാശേരി നഗരസഭയിലെ സിപിഎം കൗൺസലറുടെ ജോലിക്കാരനാണ്. സിപിഎം കൗൺസിലർ സ്വർണം വാങ്ങി നൽകിയ ശേഷം ഇത് ഉരുക്കി ആഭരണമാക്കി വിൽക്കുന്ന ജോലിയാണ് സുനിലും സുഹൃത്തും ചേർന്ന് ചെയ്തിരുന്നത്. ഇത്തരത്തിൽ സ്വർണം ആഭരണമാക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു സുനിലിനെതിരെ ചങ്ങനാശേരി നഗരസഭ കൗൺസിലർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കുന്നതിനായി ചങ്ങനാശേരി സി.ഐ സുനിലിനെയും ഭാര്യയെയും സുഹൃത്തിനെയും പൊലീസ് സ്‌റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. 400 ഗ്രാം സ്വർണ്ണത്തിന്റെ കുറവുണ്ടായതായാണ് നഗരസഭ കൗൺസിലർ നൽകിയ പരാതിയിൽ പറയുന്നത്. ഇതേ തുടർന്നാണ് പൊലീസ് സുനിലിനെ വിളിച്ചു വരുത്തിയത്.
തുടർന്നു പൊലീസ് സംഘം ഇന്ന് പണം നൽകാമെന്നു സുനിലിനെക്കൊണ്ട് എഴുതുവയ്പ്പിച്ചു. ഇല്ലെങ്കിൽ വീടിന്റെ ആധാരം വാങ്ങിയെടുക്കുമെന്നു പൊലീസും, കൗൺസിലറും ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു.    പണം തിരികെ അടച്ചില്ലെങ്കിൽ തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നു കൗൺസിലർ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയുടെയും നേതൃത്വത്തിൽ ചങ്ങനാശേരി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സമരം നടത്തി.