ആ ഗ്രൂപ്പ്‌ ഫോട്ടോ എടുത്തതിന് പിന്നാലെ അവളുടെ ജീവൻ നഷ്ടമായി ; രോഗിയുടെ പരിഗണനയോടെ കൂട്ടുകാരും അധ്യാപകരും കാണാതിരിക്കാൻ രോഗവിവരം മറച്ചുവച്ചു ; ഇരുപതു വയസ് വരെ മാത്രം ഡോക്ടർമാർ ആയുസ്സ് വിധിച്ച ട്രീസയുടെ വിയോഗം ന്യൂ മാൻ കോളേജിന്റെ നൊമ്പരമായി

ആ ഗ്രൂപ്പ്‌ ഫോട്ടോ എടുത്തതിന് പിന്നാലെ അവളുടെ ജീവൻ നഷ്ടമായി ; രോഗിയുടെ പരിഗണനയോടെ കൂട്ടുകാരും അധ്യാപകരും കാണാതിരിക്കാൻ രോഗവിവരം മറച്ചുവച്ചു ; ഇരുപതു വയസ് വരെ മാത്രം ഡോക്ടർമാർ ആയുസ്സ് വിധിച്ച ട്രീസയുടെ വിയോഗം ന്യൂ മാൻ കോളേജിന്റെ നൊമ്പരമായി

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ : തൊടുപുഴ ന്യൂമാന്‍ കോളേജിലെ അവസാന വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥി ട്രീസയുടെ വിയോഗത്തിൽ വിങ്ങി വിദ്യാർഥികളും അധ്യാപകരും.

 

കഴിഞ്ഞ ദിവസം. അവസാനമായിരുന്നു ഈ ബാച്ചിന്റെ സോഷ്യൽ. മൂന്നു വര്‍ഷത്തെ പഠനത്തിനുശേഷം വിടപറയുന്നതിന്റെ സങ്കടം ഉണ്ടായിരുന്നെങ്കിലും ഒത്തുകൂടലിന്റെ ആഹ്‌ളാദം എല്ലാവരും പങ്കുവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള ഗ്രൂപ് ഫോട്ടോ എടുത്തു. ഗ്രൂപ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാര്‍ ചേര്‍ന്നുള്ള ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

 

തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് വിദ്യാർത്ഥികളുടെ നിലവിളി ഉയരുന്നത്. സഹപാഠിയായ ട്രീസ തലചുറ്റി വീണു.

 

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തലചുറ്റി വീഴുന്ന സംഭവങ്ങള്‍ സാധാരണമായതിനാല്‍ അധ്യാപകരും മറ്റ് ജോലിക്കാരും ഉൾപ്പെടെ ഓടിച്ചെന്നു ട്രീസയെ തട്ടിവിളിച്ചു. എന്നാല്‍ വെള്ളം മുഖത്ത് തളിച്ചിട്ടൊന്നും ട്രീസ ഉണരുന്നില്ലെന്നു കണ്ടതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും സമയം പാഴാക്കാതെ സെന്റ് മേരിസ് ആശുപത്രിയില്‍ എത്തിച്ചു.

 

ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ട്രീസ മാരകമായ ഹൃദ്രോഗം ഉള്ള കുട്ടിയാണെന്ന് ഇവര്‍ അറിയുന്നത്. രോഗിയുടെ പരിഗണനയോടെ കൂട്ടുകാരും അധ്യാപകരും കണാതിരിക്കുന്നതിനാണ് രോഗ വിവരം മറച്ചു വച്ചതെന്ന് കൂടി അറിഞ്ഞതോടെ എല്ലാവരും നിശബ്ദരായി. ഡോക്ടര്‍മാര്‍ 20 വയസുവരെയാണ് ആയുസ് വിധിച്ചതെന്ന കാര്യം കൂടി കേട്ടതോടെ കൂട്ടുകാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാവിട്ട് കരഞ്ഞു.

 

എല്ലാവരും പ്രാർത്ഥനയോടെ ആശുപത്രിയില്‍ കാവല്‍ ഇരുന്നെങ്കിലും അവസാന ഗ്രൂപ്പ്‌ ഫോട്ടോയിലെ പുഞ്ചിരി എന്നെന്നേക്കുമായി മാഞ്ഞു, ട്രീസ യാത്രയായി.

 

മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട. അധ്യാപികയായ മേഴ്‌സി ജോസഫിന്റെയും ഏക മകളാണ് ട്രീസ. കോളേജിലെ വിടവാങ്ങലിനെത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തില്‍ നിന്ന് വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും.

 

 

വസതിയിലും മുളപ്പുറം സെന്റ് ജൂഡ് പള്ളിയിലും നടന്ന സംസ്‌ക്കാര ശുശ്രൂഷയില്‍ വിദ്യാര്‍ത്ഥികളും അധ്യപാകരും സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ അധ്യാപകരും സഹപാഠികളും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.

 

ട്രീസയോടുള്ള ആദര സൂചകമായി സഹപാഠികളായ ആണ്‍കുട്ടികള്‍ ശവമഞ്ചം ആംബുലന്‍സിലേയ്ക്ക് എടുത്തു വച്ചപ്പോള്‍ അവിടെ കൂടിയവരില്‍ നിന്നും അലമുറ ഉയര്‍ന്നതും സങ്കട കാഴ്ചയായി. സെമിത്തേരിയില്‍ എല്ലാ സഹപാഠികളും വെളുത്ത റോസാ പുഷ്പ്പങ്ങള്‍ സമര്‍പ്പിച്ചു മടങ്ങി.