കേസിനെപ്പറ്റി പഠിക്കാൻ ഓഫിസിലെത്തിയ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ഏറ്റുമാനൂർ ബാറിലെ അഭിഭാഷകൻ അഡ്വ.ബിജു ഗോപാൽ; ഹൃദയാഘാതമെന്നു പ്രാഥമിക നിഗമനം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേസിനെപ്പറ്റി പഠിക്കാൻ രാത്രി വൈകി ഓഫിസിലെത്തിയ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. രാത്രി വൈകിയിട്ടും വീട്ടിലേയ്ക്കു മടങ്ങി വരാതിരുന്നതിനെ തുടർന്നു മകൻ ഓഫിസിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുമാനൂർ ബാറിലെ അഭിഭാഷകൻ ഏറ്റുമാനൂർ ശിവകൃപയിൽ അഡ്വ.ബിജു ഗോപാലിനെയാണ് ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവങ്ങൾ. കേസിന്റെ ആവശ്യത്തിനായി വീട്ടിൽ നിന്നും വൈകുന്നേരത്തോടെ ഇദ്ദേഹം ഓഫിസിലേയ്ക്കു പോകുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷവും ഇദ്ദേഹത്തെ ഓഫിസിൽ നിന്നും തിരികെ കാണാതെ വന്നതോടെ മകൻ ഓഫിസിലെത്തി നോക്കുകയായിരുന്നു.

ഈ സമയം ഇദ്ദേഹത്തെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു വരുത്തി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം കൊവിഡ് പരിശോധന നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.