കത്തിക്കരിഞ്ഞ നിലയിൽ കാണക്കാരിയിൽ കണ്ട മൃതദേഹത്തിൽ ദുരൂഹതയേറുന്നു: അമ്മയെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നെന്ന് മകൻ; മരണകാരണം വ്യക്തമാകാതെ പൊലീസ്; ആത്മഹത്യയോ കൊലപാതകമോയെന്ന സംശയത്തിൽ നാട്ടുകാർ

കത്തിക്കരിഞ്ഞ നിലയിൽ കാണക്കാരിയിൽ കണ്ട മൃതദേഹത്തിൽ ദുരൂഹതയേറുന്നു: അമ്മയെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നെന്ന് മകൻ; മരണകാരണം വ്യക്തമാകാതെ പൊലീസ്; ആത്മഹത്യയോ കൊലപാതകമോയെന്ന സംശയത്തിൽ നാട്ടുകാർ

സ്വന്തം ലേഖകൻ
കോട്ടയം: കാണക്കാരിയിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അമ്മയെ ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ കാണാനില്ലായിരുന്നുവെന്നാണ് മകൻ മൊഴി നൽകിയത്. അമ്മയെ തിരക്കി മകൻ ശനിയാഴ്ച മുതൽ തങ്ങളുടെ വീടുകളിൽ എത്തിയിരുന്നതായി അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. ഇതോടെ വയോധികയുടെ മരണത്തിനു പിന്നിലെ ദുരൂഹത അഴിക്കാനാവാതെ പൊലീസ് കുഴയുകയാണ്. ഞായറാഴ്ച രാവിലെ 10.45 ഓടെയാണ് വീട്ടുമുറ്റത്ത് കാണക്കാരി പട്ടിത്താനം വിക്ടർ ജോർ്ജ് റോഡിനു സമീപം വാഴക്കാലായിൽ ചിന്നമ്മ ജോസഫിന്റെ (85) മൃതദേഹം വീടിനു മുന്നിലെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ചിന്നമ്മയും മകൻ ബിനുരാജ് ജോസഫും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. വിദേശത്തായിരുന്ന ബിനുരാജ് രണ്ടു വർഷം മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. സ്ഥിരം മദ്യപാനിയായിരുന്ന ബിനുരാജ് വീട്ടിൽ സുഹൃത്തുക്കൊൾപ്പം സ്ഥിരം മദ്യപിക്കുമായിരുന്നു. ഇതേച്ചൊല്ലി ബിനുവും ്്അമ്മ ചിന്നമ്മയും തമ്മിൽ തർക്കമുണ്ടായിരുന്നു. മകൻ തന്നെ പരിപാലിക്കുന്നില്ലെന്ന് കാട്ടി ചിന്നമ്മ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാളെ വിളിച്ചു വരുത്തി പൊലീസ് താക്കീത് ചെയ്ത് വിടുകയും ചെയ്തിരുന്നതാണ്. ഇതിനിടെയാണ് ഇപ്പോൾ ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നതെന്നാണ് ദുരൂഹത വർധിപ്പിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് മൂന്നു മണിമുതൽ ചിന്നമ്മയെ കാണാനില്ലെന്നാണ് മകൻ പൊലീസിനു നൽകിയ മൊഴി. ചിന്നമ്മയുടെ രണ്ടു പെൺമക്കൾ ചെറുവാണ്ടൂരിലും, അതിരമ്പുഴയിലുമായാണ് താമസിക്കുന്നത്. ഇടയ്ക്കിടെ ഇവരുടെ വീട്ടിലേയ്ക്ക് ചിന്നമ്മ പോകാറുണ്ട്. ഇത്തരത്തിൽ പോയതാകാമെന്നാണ് താൻ കരുതിയിരുന്നതെന്നാണ് ബിനു പൊലീസിനു നൽകിയ മൊഴി. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് ബിനു നൽകിയ മൊഴി. താൻ വീടിനുള്ളിൽ ടിവി കണ്ടിരിക്കുകയായിരുന്നെന്നും അപ്പോൾ മാതാവിനെ കണ്ടില്ലെന്നുമാണ് ബിനു പറയുന്നത്.
എന്നാൽ, വീട്ടുമുറ്റത്ത് തന്നെ അമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടും ഒരു രാത്രി മുഴുവൻ മൃതദേഹം വീട്ടുമുറ്റത്ത് കിടന്നു എന്നതാണ് ദുരൂഹത ഉയർത്തുന്നത്. മരണകാരണം എന്താണെന്ന് പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് പൊലീസ് നിലപാട്. ഇതിനായി പൊലീസ് സംഘം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
വിശാലമായ പുരയിടത്തിൽ മൃതദേഹം കത്തിക്കരിഞ്ഞിട്ടും അയൽവാസികളോ വീടിനുള്ളിലുണ്ടായിരുന്ന മകനോ വിവരം അറിഞ്ഞിട്ടില്ലെന്നത് ദുരൂഹമായി തുടരുന്നു. ഇതു സംബന്ധിച്ചു വിശദമായി വീട്ടുകാരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ മകൻ ബിനുവിന്റെ മൊഴിയെടുക്കുകയാണ്.